ദുര്‍ഗാ പൂജയുടെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക മെനുവുമായി പശ്ചിമ ബംഗാള്‍. മട്ടണ്‍ ബിരിയാണിയും ബസന്തി പുലാവും കോഴിക്കറിയും ഉള്‍പ്പെടെയാണ് പ്രത്യേക മെനു ഒരുങ്ങുന്നത്. പൂജാ ആഘോഷങ്ങളില്‍ ജയിലിലെ അന്തേവാസികളെയും പങ്കെടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ മെനു ഒരുങ്ങുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മെനുവിലെ മാറ്റങ്ങൾ ഒക്‌ടോബർ 9 മുതൽ പ്രാബല്യത്തില്‍ വരും, ഒക്‌ടോബർ 12 വിജയദശമി ദിനം വരെ തുടരുകയും ചെയ്യും.
വിത്യസ്ത തരത്തിലുള്ള ബംഗാളി രുചികളാണ് ഇത്തവണ ഒരുക്കുന്നത്. സാധാരണയായി ഭക്ഷണം തയ്യാറാക്കുന്ന ജയില്‍ അന്തേവാസികള്‍ തന്നെയായിരിക്കും പ്രത്യേക വിഭവങ്ങളും തയ്യാറാക്കുക. അതേസമയം വെജിറ്റേറിയന്‍ ഭക്ഷണം വേണ്ടവര്‍ക്കായി അതും തയ്യാറാക്കുന്നുണ്ട്. എല്ലാ ഉല്‍സവ സമയങ്ങളിലും മെച്ചപ്പെട്ട ഭക്ഷണത്തിനായി തടവുകാരിൽ നിന്ന് അഭ്യർത്ഥനകൾ ലഭിക്കാറുണ്ട്. ഇതിന്‍റെ ഭാഗമായാണ് ഇത്തവണ പ്രത്യേക മെനു ഒരുങ്ങുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
‘ജയില്‍ നിവാസികളുടെ ദിനചര്യകളില്‍ മാറ്റം കൊണ്ടുവരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അവര്‍ ദിവസേന ചെയ്യുന്ന കാര്യങ്ങളില്‍ നിന്നും അവര്‍ക്ക് ഒരു ഇടവേള നല്‍കുന്നു. വർഷങ്ങളായി പശ്ചിമ ബംഗാളിലെ നിവാസികള്‍ക്ക് ദുർഗ്ഗാ പൂജ അടക്കമുള്ള ഉല്‍സവങ്ങള്‍ വ്യത്യസ്തമായ രുചികളുടെ കൂടി ഉല്‍സവമാണ്. മല്‍സ്യവും മാംസവും ഇല്ലാതെ അത് പൂര്‍ണമാകുന്നില്ല.’ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
സംസ്ഥാനത്തെ മുന്‍മന്ത്രിമാരായ പാർത്ഥ ചാറ്റർജി, ജ്യോതി പ്രിയ മല്ലിക്, ആർജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് എന്നിവരെ പാർപ്പിച്ചിരിക്കുന്ന പ്രസിഡൻസി ജയിലില്‍ അടക്കമാണ് പ്രത്യേകമെനു കൊണ്ടുവരുന്നത്. നിലവിൽ, സംസ്ഥാനത്ത് ഉടനീളമുള്ള 59 ജയിലുകളിലായി 26,994 പുരുഷന്മാരും 1,778 സ്ത്രീകളുമാണ് കഴിയുന്നത്.