ഹരിയാനയില്‍ സ്കൂള്‍ ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ടിക്കാർ താലിന് സമീപമുള്ള മോർനി എന്ന ഗ്രാമത്തിലാണ് ബസ് സമീപമുള്ള തോട്ടിലേക്ക് മറിഞ്ഞത്. 45 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ബസിന്‍റെ അമിത വേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക പരിശോധനയ്ക്കു ശേഷം പൊലീസ് പറയുന്നത്.
ബസിലുണ്ടായിരുന്ന മുഴുവന്‍ കുട്ടികളെയും ചില്‍സയ്ക്കായി മോർനിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സാരമായി പരുക്കേറ്റവരെ കൂടുതൽ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി പഞ്ച്കുളയിലെ സെക്ടർ 6 ലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തിൽ ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.
സംഭവത്തില്‍ ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിലെ മലേർകോട്‌ലയിലെ നങ്കാന സാഹിബ് സ്‌കൂളിൽ നിന്നുള്ള കുട്ടികളുമായി മോർണി ഹിൽസിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.