ഡല്‍ഹി വിമാനത്താവളത്തില്‍ വ്യാജ മനുഷ്യ ബോംബ് ഭീഷണി സന്ദേശം വന്നതിന് പിന്നില്‍ അന്ധേരി സ്വദേശി. ഇയാളുടെ ബന്ധുവിനോടുള്ള വ്യക്തി വിരോധമാണ് വ്യാജ ബോംബ് ഭീഷണിക്ക് പിന്നില്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ശരീരത്തില്‍ ബോംബ് ധരിച്ച ഒരു യാത്രക്കാരി മുംബൈ–ഡല്‍ഹി വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ടെന്നാണ് സന്ദേശം വന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം വന്നത്. 90 ലക്ഷം രൂപയുമായി ആണ്‍ സുഹൃത്തിനെ കാണാന്‍ പോകുന്ന ബോംബ് ധരിച്ച സ്ത്രീയുണ്ട് എന്നാണ് സന്ദേശം ലഭിച്ചത്. ബോംബ് ഭീഷണി വന്നതോടെ പുലര്‍ച്ചെ 1.30നും ഉച്ചയ്ക്ക് രണ്ടിനും ഇടയില്‍ ഡല്‍ഹിയിലേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരുടെ ലിസ്റ്റ് അധികൃതര്‍ പരിശോധിച്ചു. ഡല്‍ഹി വിമാനത്താവളത്തിലെ യാത്രക്കാരുടെ ലിസ്റ്റും പരിശോധിച്ചു. എന്നാല്‍ അതിലും സന്ദേശത്തില്‍ പറഞ്ഞ ആളെ കണ്ടെത്താനായില്ല.
സഹര്‍ പൊലീസ് അന്ധേരിയിലെ വിലാസത്തില്‍ നടത്തിയ അന്വേഷണമാണ് 60കാരിയിലേക്ക് എത്തിച്ചത്. ഇവര്‍ യാത്രക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുടുംബപ്രശ്നമാണ് പിന്നിലെന്ന് കണ്ടെത്തിയത്. സ്ത്രീയുടെ മരുമകനാണ് വ്യാജ സന്ദേശം നല്‍കിയത്.