സിഗ്നല്‍ തെറ്റിച്ച് വന്ന കാര്‍ ട്രാഫിക് പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ചു. കാര്‍ തടയാന്‍ ശ്രമിച്ച രണ്ട് ട്രാഫിക് പൊലീസുകാര്‍ കാറിന്റെ ബോണറ്റില്‍ കിടന്നെങ്കിലും കാര്‍ നിര്‍ത്തിയില്ല. തെക്കന്‍ ഡല്‍ഹിയിലെ ബെര്‍ സറായിയില്‍ ശനിയാഴ്ച വൈകുന്നേരം 7.30ഓടെയാണ് സംഭവം. 

സംഭവത്തില്‍ പരുക്കേറ്റ പൊലീസുകാരെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഎസ്ഐ പ്രമോദ്, ഹെഡ്കോണ്‍സ്റ്റബിള്‍ ശൈലേഷ് ചൗഹാന്‍ എന്നിവരെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ബോണറ്റില്‍ തൂങ്ങിക്കിടക്കുന്ന പൊലീസുകാരേയും കൊണ്ട് മുന്‍പോട്ട് കുതിക്കുന്ന കാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും എത്തി. 

റെഡ് സിഗ്നല്‍ തെറ്റിച്ച് എത്തിയ കാര്‍ മുന്‍പിലേക്ക് കയറ്റി നിര്‍ത്താന്‍ പൊലീസുകാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഡ്രൈവര്‍ പെട്ടെന്ന് കാറിന്റെ വേഗം കൂട്ടി മുന്‍പിലേക്കെടുത്തു. ഇതോടെ പൊലീസുകാര്‍ ബോണറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. വേഗം കൂട്ടിയും കുറച്ചും പൊലീസുകാരെ നിലത്ത് വീഴ്ത്തിയതിന് ശേഷം കാര്‍ പാഞ്ഞുപോയി. കാര്‍ ‍ഡ്രൈവര്‍ക്കെതിരെ കൊലപാതകത്തിനും, കൃത്യനിര്‍വഹണം തടഞ്ഞതിനും കേസെടുത്തു. 

ENGLISH SUMMARY:

The traffic policeman was hit by a car that missed the signal. Two traffic policemen who tried to stop the car lay on the bonnet of the car but the car did not stop.