ചെന്നൈ കലൈഞ്ജര്‍ ആശുപത്രിയില്‍ രോഗിയുടെ മകന്‍ ഡോക്ടറെ കുത്തിപ്പരുക്കേല്‍പ്പിച്ചു . ഏഴുതവണ ഡോക്ടര്‍ക്ക് കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സമഗ്രമായ അന്വേഷണവും പ്രഖ്യാപിച്ചു. കാന്‍സര്‍ വാര്‍ഡില്‍വച്ചാണ് ഡോക്ടര്‍ക്ക് കുത്തേറ്റത്. പ്രതിയുടെ അമ്മയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ചെന്നൈ സ്വദേശിയായ വിഘ്നേഷ് ആണ് ഡോക്ടര്‍ക്കെതിരെ ആക്രമണം നടത്തിയത്. കാന്‍സര്‍ വാര്‍ഡില്‍ റൗണ്ട്സിനിടെയായിരുന്നു ഡോക്ടര്‍ ബാലാജിക്കു നേരെ വിഘ്നേഷ് കത്തിയുമായി പാഞ്ഞടുത്തത്. ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. ‘അങ്ങേയറ്റം അപലപനീയമായ കാര്യമാണ് കലൈഞ്ജര്‍ സെന്റിനറി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നടന്നതെന്നും പ്രതിയെ ഉടന്‍ തന്നെ പിടികൂടിയെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു, കൃത്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് ഉചിതമായ ചികിത്സ നൽകുന്നതിൽ ഡോക്ടർമാരുടെ നിസ്വാർത്ഥമായ സേവനം എടുത്തുപറയേണ്ടതാണ്. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കാനും വേണ്ടതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ടു പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തെന്ന് ആരോഗ്യമന്ത്രി സുബ്രഹ്മണ്യന്‍ അറിയിച്ചു.
കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ ഡോക്ടര്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ തോതില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാട്ടില്‍ ഡോക്ടര്‍ ആക്രമണത്തിനിരയായത്.