മുംബൈ കുർള റെയിൽവേ സ്റ്റേഷനടുത്ത് എസ്.ജി.ബാർവെ മാർഗിൽ ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ ബസ് 50-60 വാഹനങ്ങളെ ഇടിച്ചതായും ആദ്യ വാഹനത്തിൽ ഇടിച്ചതിന് ശേഷം 300 മീറ്ററോളം സഞ്ചരിച്ചാണ് വാഹനം നിര്‍ത്തിയതെന്നും പൊലീസ് കോടതിയില്‍. ഡ്രൈവര്‍ സഞ്ജയ് മോറെയ്ക്ക് ജനത്തിരക്കേറിയ സ്ഥലത്തുകൂടിയാണ് ബസ് സഞ്ചരിക്കേണ്ടതെന്ന് അറിയാമായിരുന്നുവെന്നും അശ്രദ്ധമായി ഇയാള്‍ ബസ് ഓടിച്ചതിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നറിയണമെന്നും പ്രതിക്കായുള്ള കസ്റ്റഡി അപേക്ഷയില്‍ പൊലീസ് പറയുന്നു. ALSO READ: ‘ഓട്ടോമാറ്റിക് ബസ് കൈകാര്യം ചെയ്യാന്‍ വശമില്ലായിരുന്നു’; കുര്‍ള ബസ് അപകടത്തില്‍ ഡ്രൈവറുടെ മൊഴി...

സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നും ഡ്രൈവർ ബസ് ആയുധമാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നുമാണ് മുംബൈ പൊലീസിനായി വാദിച്ച അഭിഭാഷകൻ കോടതിയെ അറിയിച്ചത്. അപകട സമയം ഇയാൾ മദ്യലഹരിയിലായിരുന്നോ എന്ന് പരിശോധിക്കണമെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ, പൊലീസിന് ഇയാളുടെ കസ്റ്റഡി ആവശ്യമില്ലെന്നും എല്ലാ വിവരങ്ങളും ബസ് പ്രവർത്തിപ്പിക്കുന്ന ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ടിൽ നിന്ന് (ബെസ്റ്റ്) ശേഖരിക്കാമെന്നുമാണ് ഡ്രൈവര്‍ക്കായി വാദിച്ച അഭിഭാഷകൻ കോടതിയോട് പറഞ്ഞത്. കേസില്‍ ഡ്രൈവറെ ഡിസംബർ 21 വരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ALSO READഓഫീസിലെ ആദ്യ ദിനം കഴിഞ്ഞ് മടക്കം; 20കാരിയുടെ ജീവന്‍ കവര്‍ന്ന് കുര്‍ള ബസ് അപകടം...

കുർള റെയിൽവേ സ്റ്റേഷനടുത്ത് എസ്.ജി.ബാർവെ മാർഗിൽ ഇന്നലെ രാത്രി 9.50നാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ 7 പേര്‍ മരിച്ചു. 49 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. അതിവേഗത്തിൽ എത്തിയ ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം തെറ്റി മറ്റ് വാഹനങ്ങളിലേക്കും അതുവഴി നടന്നുപോയവരുടെ മുകളിലേക്കും ഇടിച്ച് കയറുകയായിരുന്നു. ALSO READ: 'ചോരയില്‍ കുളിച്ച് യാത്രക്കാര്‍; വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടി'; നടുക്കം മാറാതെ ദൃക്സാക്ഷികള്‍...

ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ടിനായി (ബെസ്റ്റ്) ഹൈദരാബാദ് ആസ്ഥാനമായുള്ള ഒലെക്ട്ര ഗ്രീൻടെക് നിർമ്മിച്ച 12 മീറ്റർ നീളമുള്ള ഇലക്ട്രിക് എസി ബസാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികില്‍സ ബെസ്റ്റ് ഏറ്റെടുക്കും.

ENGLISH SUMMARY:

In the Mumbai Kurla bus accident near S.G. Barve Marg, the bus reportedly collided with 50-60 vehicles before stopping after traveling nearly 300 meters. Police informed the court that the driver, Sanjay More, was aware of the crowded route, raising suspicions of intent beyond mere negligence. Authorities are now probing whether there was any ulterior motive behind the reckless driving as part of their custody plea for the accused.