മധ്യപ്രദേശിലെ വനിതാ തടവുകാര്‍ക്ക് സന്തോഷിക്കാം. ജനുവരി മുതല്‍ ആഴ്ചയിലൊരിക്കല്‍ ഷാംപൂവും മാസത്തിലൊരിക്കല്‍ ഹെയര്‍ റിമൂവല്‍ ക്രീമും കിട്ടും.വ്യക്തി ശുചിത്വം പ്രോല്‍സാഹിപ്പിക്കാനാണ് പുതിയ തീരുമാനമെന്ന് സര്‍ക്കാര്‍ പറയുന്നു. എല്ലാ തടവുകാർക്കും ഭക്ഷണത്തോടൊപ്പം സാലഡും ലഭിക്കും. ചായ, പാൽ, എണ്ണ, പയർ എന്നിവയുടെ പ്രതിദിന ക്വാട്ടയും വര്‍ധിപ്പിക്കും.
തടവുകാരുടെ ആരോഗ്യ സംരക്ഷണം, ശുചിത്വം എന്നിവയ്ക്കു പുറമെ, ജയിലുകളില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം മെച്ചപ്പെടുത്താനും ആളെണ്ണം കുറയ്ക്കാനും ശ്രമം നടക്കുന്നുണ്ട്. കുറ്റവാളികളുടെ മനോനില ശാസ്ത്രീയമായി മനസിലാക്കി അവരെ ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്യാനും മാറ്റിയെടുക്കാനും ജയിൽ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും.
ജയില്‍ ഭരണം ഡിജിറ്റൈസ് ചെയ്യുകയും കേന്ദ്രസര്‍ക്കാരിന്‍റെ കമ്പ്യൂട്ടര്‍ ശൃംഖലയുമായി ഡാറ്റാബേസ് ബന്ധപ്പെടുത്തുകയും ചെയ്യും. കേന്ദ്രവുമായി തടസ്സങ്ങളില്ലാതെ വിവരങ്ങൾ പങ്കിടുന്നതിനുള്ള ഇന്‍റര്‍ഫേസുകളും വികസിപ്പിക്കും. അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ ബോർഡ് സ്ഥാപിക്കും. കള്ളപ്പണവും മൊബൈൽ ഫോണുകളും പിടിച്ചെടുക്കാൻ പരിശോധന കാര്യക്ഷമമാക്കും. നൂതന സിഗ്നല്‍ ജാമിങ് ഉപകരണങ്ങളും ജയിലുകളില്‍ സ്ഥാപിക്കും. ജയിൽ ആശുപത്രികളുടെ ശേഷി വർധിപ്പിക്കാനും നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുന്ന മധ്യപ്രദേശ് കറക്ഷണല്‍ സര്‍വീസ് ആന്‍ഡ് പ്രിസണേഴ്സ് ആക്ട് 2024ലാണ് പുതിയ വ്യവസ്ഥകള്‍. ഒക്ടോബര്‍ രണ്ടിന്, ഗാന്ധി ജയന്തി ദിനത്തില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു നിയമം. കേന്ദ്ര സര്‍ക്കാരിന്‍റെ മാതൃകാ നിയമത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ജയിൽ നിയമം തയാറാക്കിയത്. മധ്യപ്രദേശിലെ ജയിലുകളുടെ ആകെ ശേഷി 36,000 തടവുകാരാണ്. എന്നാല്‍ ഇപ്പോള്‍ 43,000 തടവുകാരുണ്ട്. ഇവരിൽ 1900 പേർ സ്ത്രീകളാണ്.