ഗുജറാത്തിലെ പോർബന്തറിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) ധ്രുവ് തകർന്നുവീണ് മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റർ തകര്‍ന്നത്. മരിച്ചവരില്‍ രണ്ടുപേര്‍ പൈലറ്റുമാരാണ്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ എയർ എൻക്ലേവിലാണ് അപകടമുണ്ടായത്. ഏതാനുംപേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇവര്‍ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തുറസ്സായ മൈതാനത്ത് ഹെലികോപ്റ്റര്‍ തകർന്നുവീണ് തീപിടിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കര, നാവിക, വ്യോമ സേനകള്‍ ഉപയോഗിക്കുന്ന എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററുകള്‍ക്ക് രണ്ട് വർഷം മുമ്പ് സാങ്കേതികപിഴവുകൾ കണ്ടെത്തിയിരുന്നു. പിന്നാലെ എല്ലാ എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററുകളിലും വിശദമായ സുരക്ഷാ പരിശോധനകളും നടത്തിയിരുന്നു. ഇന്ത്യൻ നേവി, ഐഎഎഫ്, ആർമി, കോസ്റ്റ് ഗാർഡ് എന്നിവയ്ക്കായി ആകെ 325 എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററുകളാണുള്ളത്.
നാല് മാസം മുമ്പ് സെപ്റ്റംബറിൽ എഎൽഎച്ച് എംകെ-3 ഹെലികോപ്റ്റർ പോർബന്തറിന് സമീപം അറബിക്കടലിൽ വീണതിനെ തുടർന്ന് മൂന്ന് ജീവനക്കാരെ കാണാതായിരുന്നു. രണ്ട് ജീവനക്കാരുടെ മൃതദേഹങ്ങൾ പിന്നീട് കണ്ടെടുത്തു. എന്നാല്‍ ഒരു മാസം നീണ്ട തിരച്ചിലിനൊടുവിലാണ് പൈലറ്റിൻ്റെ മൃതദേഹം ഒക്ടോബറിൽ ഗുജറാത്ത് തീരത്ത് നിന്ന് കോസ്റ്റ് ഗാർഡ് കണ്ടെടുക്കുന്നത്.