ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപമുള്ള ജംഗിൾ സഫാരി പാർക്കിൽ കയറിയ പുള്ളിപ്പുലി കൃഷ്ണമൃഗങ്ങളില്‍ ഒന്നിനെ ആക്രമിച്ചു കൊന്നതിന് പിന്നാലെ ഏഴ് കൃഷ്ണമൃഗങ്ങള്‍ കൂടി ചത്തു. ജനുവരി ഒന്നിന് പുലർച്ചെയായിരുന്നു സംഭവം. ബാക്കിയുള്ള ഏഴ് കൃഷ്ണമൃഗങ്ങൾ ആക്രമണത്തെ തുടർന്നുണ്ടായ ഞെട്ടലും പരിഭ്രാന്തിയും മൂലമാണ് ചത്തതെന്നാണ് കരുതുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് സമീപമുള്ള പ്രധാന ആകർഷണങ്ങളില്‍ ഒന്നാണ് ജംഗിൾ സഫാരി പാർക്ക്. പുള്ളിപ്പുലികളുടെ ആവാസവ്യവസ്ഥയായ ശൂൽപനേശ്വർ വന്യജീവി സങ്കേതത്തിലെ വനങ്ങളാല്‍ ചുറ്റപ്പെട്ടാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കെവാഡിയ ഫോറസ്റ്റ് ഡിവിഷന്‍റെ പരിധിയിൽ സ്ഥിതി ചെയ്യുന്ന പാർക്കിന്‍റെ അതിര്‍ത്തികളില്‍ സ്ഥാപിച്ച വേലികള്‍ മറികടന്നാണ് 2 വയസ്സിനും 3 വയസ്സിനും ഇടയിൽ പ്രായമുള്ള പുള്ളിപ്പുലി പാര്‍ക്കിന് അകത്തെത്തിയത്. ചത്ത എട്ട് കൃഷ്ണമൃഗങ്ങളെയും പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പാര്‍ക്കിന് ചുറ്റുമുള്ള വനങ്ങളില്‍ പുള്ളിപ്പുലികളുടെ സഞ്ചാരം സാധാരണമാണെങ്കിലും സഫാരി പാർക്കിൽ പുള്ളിപ്പുലി പ്രവേശിക്കുന്നത് ഇതാദ്യമായാണെന്നാണ് കെവാഡിയ ഡിവിഷന്‍റെ മേൽനോട്ടം വഹിക്കുന്ന ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) അഗ്നീശ്വർ വ്യാസ് പറഞ്ഞത്. 400ലധികം സിസിടിവി ക്യാമറകളുള്ള പാര്‍ക്ക് പൂര്‍ണ നിരീക്ഷണത്തിലാണെന്നും പുള്ളിപ്പുലിയുടെ സാന്നിധ്യം ഉടനടി കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പുള്ളിപ്പുലി പാർക്കിൽ നിന്ന് പുറത്തുകടന്നോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ തുടർന്ന് പാർക്ക് 48 മണിക്കൂർ താൽക്കാലികമായി അടച്ചിട്ടിരുന്നു. ജനുവരി മൂന്നിന് പാർക്ക് തുറന്നെങ്കിലും പുള്ളിപ്പുലി തിരിച്ചെത്തുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.