രാജ്യാന്തരവിപണിയില്‍ 5 കോടി രൂപ വിലമതിക്കുന്ന ആംബര്‍ഗ്രിസുമായി താനെയില്‍ ഒരാള്‍ പിടിയില്‍. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ റബോഡി മേഖലയില്‍ ക്രൈം യൂണിറ്റ് നടത്തിയ പരിശോധനയിലാണ് തിമിംഗല ഛര്‍ദി എന്നറിയപ്പെടുന്ന ആംബര്‍ഗ്രിസ് പിടിച്ചെടുത്തത്. ഇതിന് 5.48 കിലോ തൂക്കമുണ്ട്. തിമിംഗലഛര്‍ദി കൈവശം വച്ചിരുന്ന പുണെ സ്വദേശി നിതീന്‍ മുത്തണ്ണ മൊറേലുവിനെ വന്യജീവി സംരക്ഷണനിയമപ്രകാരം അറസ്റ്റ് ചെയ്തു.
നിതീന് എവിടെ നിന്നാണ് ആംബര്‍ഗ്രിസ് ലഭിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്ന് സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സച്ചിന്‍ ഗെയ്ക്‌വാദ് പറഞ്ഞു. ഇദ്ദേഹം മുന്‍പും ഇത്തരം ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ആര്‍ക്കൊക്കെയാണ് ആംബര്‍ഗ്രിസ് വില്‍ക്കുന്നതെന്നും ഇടപാടുകളുടെ രീതി എങ്ങനെയാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തിമിംഗലഛര്‍ദി: തിമിംഗലത്തിന്‍റെ (സ്പേം വെയ്ല്‍) ദഹനപ്രക്രിയയ്ക്കിടയില്‍ ഉല്‍പാദിപ്പിക്കപ്പെടുകയും പുറന്തള്ളുകയും ചെയ്യുന്ന മെഴുകുപോലുള്ള പദാര്‍ഥമാണ് ആംബര്‍ഗ്രിസ്. വെയ്ല്‍ വൊമിറ്റ് എന്നും ഇതറിയപ്പെടുന്നു. ആഡംബര പെര്‍ഫ്യൂമുകളുടെ അസംസ്കൃതവസ്തുവാണിത്. അതുകൊണ്ടാണ് രാജ്യാന്തരവിപണിയില്‍ ആംബര്‍ഗ്രിസിന് ഇത്രയധികം വില ലഭിക്കുന്നത്. ഫ്ലോട്ടിങ് ഗോള്‍ഡ് എന്നും അറിയപ്പെടുന്ന ആംബര്‍ഗ്രിസ് കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.