തട്ടിക്കൊണ്ട് പോകുകയാണെന്ന തെറ്റിദ്ധാരണ കൊണ്ട് ബാങ്കോക്കിലേക്കുള്ള മകന്‍റെ ചാര്‍ട്ടേഡ് വിമാനം മണിക്കൂറുകള്‍ക്കകം പുണെയില്‍ തിരിച്ചിറക്കാന്‍ ഇടപെട്ട ഒരു അച്ഛന്‍റെ കരുതലിന്‍റെ കഥയിങ്ങനെ. അച്ഛന്‍റെ പേര്: താനാജി സാവന്ത്. മഹാരാഷ്ട്രയിലെ മുന്‍ ആരോഗ്യമന്ത്രിയും ശിവസേന നേതാവുമാണ്. ഏറ്റവും കൂടുതല്‍ ആസ്തിയുള്ള സംസ്ഥാനത്തെ സിറ്റിങ് എംഎല്‍എമാരില്‍ എട്ടാമന്‍. മകന്‍റെ പേര്: റുഷിരാജ് സാവന്ത്. 29 വയസ്.
വിമാനം തിരിച്ച് പറത്തിയത് എങ്ങനെ?
റുഷിരാജ് സാവന്തിനെ രണ്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന അജ്ഞാത ഫോണ്‍ കോള്‍ തിങ്കളാഴ്ച വൈകിട്ട് പുണെ പൊലീസിന് ലഭിക്കുന്നു. തൊട്ടു പിന്നാലെ തട്ടികൊണ്ടു പോയ മകനെ കണ്ടുപിടിക്കണമെന്ന പരാതിയുമായി താനാജി സാവന്തും പൊലീസിനെ സമീപിക്കുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുണെ വിമാനത്താവളത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ റുഷിരാജ് എത്തിയിരുന്നെന്നും തുടര്‍ന്ന് രണ്ട് പേര്‍ക്കൊപ്പം ബാങ്കോക്കിലേക്ക് പറന്നെന്നും കണ്ടെത്തി.
സിവില്‍ വ്യോമയാന വകുപ്പുമായി ബന്ധപ്പെട്ട പൊലീസ് വിമാനത്തിന്‍റെ പൈലറ്റുമായി നേരിട്ട് സംസാരിക്കുന്നു. അപ്പോള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ക്ക് മുകളിലൂടെ പറക്കുകയാണെന്ന് പൈലറ്റിന്‍റെ സന്ദേശം. ഉടന്‍ തന്നെ പുണെയില്‍ തിരിച്ചിറക്കാന്‍ പൊലീസിന്‍റെ നിര്‍ദേശം. അങ്ങനെ വൈകിട്ട് നാല് മണിക്ക് പുറപ്പെട്ട വിമാനം രാത്രി ഒന്‍പതു മണിയോടെ പുണെയില്‍ തിരിച്ചിറക്കുന്നു.
കഥയറിയാതെ റുഷിരാജ്
പൊലീസിനെയും സിആര്‍പിഎഫിനെയും കണ്ടപ്പോളാണ് ലാന്‍ഡ് ചെയ്തത് ബാങ്കോക്കിലല്ല, പുണെയിലാണെന്ന് റുഷിരാജും സുഹൃത്തുക്കളും അറിയുന്നത്. ഇനിയാണ് ട്വിസ്റ്റ്. തന്നെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്നും ബിസിനസ് ആവശ്യത്തിന് ബാങ്കോക്കിലേക്ക് പോയതാണെന്നും റുഷിരാജ് പൊലീസിനോട് പറഞ്ഞു. പേടികൊണ്ടാണ് വീട്ടില്‍ പറയാതിരുന്നതെന്നും കഴിഞ്ഞയാഴ്ച ദുബായിലേക്ക് പോയപ്പോള്‍ വീട്ടുകാര്‍ ബുദ്ധിമുട്ട് പറഞ്ഞിരുന്നതായും റുഷിരാജ് അറിയിച്ചു.
പുണെയിലുള്ള ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജെഎസ്‌പിഎം ഗ്രൂപ്പിന്‍റെ ചുമതലക്കാരനാണ് റുഷിരാജ്. ജെഎസ്‌പിഎം ഗ്രൂപ്പിന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരു സിസ്റ്റംസ് അഡ്മിനിസ്ട്രേറ്ററും ഒരു ട്രാവല്‍ ഏജന്‍റ് ഉടമയുമാണ് ഒപ്പം യാത്രയില്‍ ഉണ്ടായിരുന്നത്. 78 ലക്ഷം രൂപ ചെലവിലാണ് ഇവര്‍ ചാര്‍ട്ടേഡ് വിമാനം ബാങ്കേക്കിലേക്ക് ബുക്ക് ചെയ്തതെന്ന വിവരവും പുറത്തുവന്നു.
പണമുണ്ടെങ്കില്‍ എന്തുമാകാമോ? പുകഞ്ഞ് രാഷ്ട്രീയ വിവാദം
പരാതി നല്‍കിയത് മകനെ തട്ടിക്കൊണ്ടു പോയെന്ന തെറ്റിദ്ധാരണ കാരണമെന്ന് താനാജി സാവന്ത് പറഞ്ഞൊഴിഞ്ഞു എങ്കിലും അത് അവിടെ തീര്‍ന്നില്ല. രാഷ്ട്രീയ വിവാദമാക്കി പ്രതിപക്ഷത്തെ മഹാവികാസ് അഘാഡി വിഷയത്തെ ഏറ്റെടുത്തു.
പുണെയില്‍ നിന്നുള്ള ബിജെപി എം.പിയും സിവില്‍ വ്യോമയാന സഹമന്ത്രിയുമായ മുരളീധര്‍ മഹോളിനെ കൂട്ടുപിടിച്ച് നടത്തിയ അധികാര ദുരുപയോഗമാണ് കണ്ടെതെന്നാണ് ആരോപണം. തെറ്റായ പരാതി നല്‍കി പൊലീസ് സംവിധാനത്തിന് സമയ, ധന നഷ്ടമുണ്ടാക്കിയ താനാജി സാവന്തിനെ അറസ്റ്റ് ചെയ്യണമെന്നും മുരളീധര്‍ മഹോള്‍ രാജി വയ്ക്കണമെന്നും ആണ് പ്രതിപക്ഷ ആവശ്യം.
'ലക്ഷങ്ങള്‍ മുടക്കി ചാര്‍ട്ടേഡ് വിമാനത്തില്‍ മകന്‍ ബാങ്കോക്കിലേക്ക് പറക്കുന്നു. കുടുംബ വഴക്ക് കാരണം പോകുന്ന കാര്യം മകന്‍ വീട്ടില്‍ പറയുന്നില്ല. രാഷ്ട്രീയമായി ഇടപെട്ട് അച്ഛന്‍ വിമാനം അടിയന്തരമായി തിരിച്ചിറക്കുന്നു. അധികാര ദുരുപയോഗമല്ലാതെ മറ്റെന്താണിത്' ശിവസേന ഉദ്ധവ് പക്ഷത്തെ എം.പി സഞ്ജയ് റാവുത്ത് ചോദിക്കുന്നത്.
.