നീറ്റ് പരീക്ഷയില്‍ പരാജയപ്പെടുമോ എന്ന ഭയത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. കേളമ്പാക്കം സ്വദേശിനിയായ 21 കാരി ദേവദര്‍ശിനിയാണ് മരിച്ചത്.വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. നേരത്തെ മൂന്ന് തവണ നീറ്റ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്നു. മെയ് നാലിന് നാലാം തവണ പരീക്ഷ എഴുതാനിരിക്കെയാണ് ജീവനൊടുക്കിയത്.
2021 ല്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയ ദേവദര്‍ശിനി അണ്ണാനഗറിലെ ഒരു സ്വകാര്യ കോച്ചിംങ് സെന്‍ററില്‍ പരിശീലിച്ചു വരുകയായിരുന്നു.കോച്ചിംങ് സെന്‍ററില്‍ നടത്തിയ മാതൃകാ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു.
പൊലീസ് പറയുന്നത് പ്രകാരം പെണ്‍കുട്ടി കോച്ചിംങ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയപ്പോള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. മുഖത്തെ വിഷമം കണ്ട് കാര്യം തിരക്കിയ പിതാവ് സെല്‍വരാജ് മകളെ ആശ്വസിപ്പിക്കുകയും പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഊരം പക്കത്തുള്ള സെല്‍വരാജിന്‍റെ ബേക്കറിയില്‍ സഹായിക്കാനായി അച്ഛനോടൊപ്പം പോയി, അല്‍പസമയത്തിന് ശേഷം താന്‍ വീട്ടില്‍ പോയി ഉടന്‍ വരാം എന്ന് പറഞ്ഞ് പെണ്‍കുട്ടി വീട്ടിലേക്ക് പോയി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മകള്‍ കടയില്‍ തിരിച്ചെത്താതായതോടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വീട്ടില്‍ വിളിച്ചന്വേഷിച്ചു. വീട്ടുകാര്‍ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഈ മാസമാദ്യം വില്ലുപുരം ജില്ലയില്‍ നിന്നുള്ള 190കാരിയും നീറ്റ് പരീക്ഷയില്‍ പരാജയപ്പെടുമോ എന്ന ഭയത്താല്‍ ആത്മഹത്യ ചെയ്തിരുന്നു.