Image:x.com/Maharshtraanews
നിയന്ത്രണം വിട്ട് ഫ്ലൈ ഓവറില്‍ നിന്നും താഴേക്ക് വീണ ടാങ്കര്‍ ലോറിക്ക് തീ പിടിച്ച് അപകടം. മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. മണ്ണെണ്ണ നിറച്ച് വന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. താഴെ സര്‍വീസ് റോഡിലേക്ക് വീണതും ടാങ്കറിലെ മണ്ണെണ്ണ റോഡിലേക്ക് ഒഴുകുകയും തീ പിടിക്കുകയും ചെയ്തു.
ഉഗ്രശബ്ദം കേട്ട് ആളുകള്‍ ഓടി മാറുന്നതും ടാങ്കര്‍ കത്തുന്നതിന്‍റെയും ഭീതിദമായ വിഡിയോ പുറത്തുവന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ ആശിഷ് കുമാര്‍ യാദവി(29)നെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ ജീവന്‍ നഷ്ടമാവുകയായിരുന്നു.
ഗുജറാത്തില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. പാലത്തിലേക്ക് കയറിയതിന് പിന്നാലെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായെന്നും ഫ്ലൈ ഓവറിന്‍റെ കൈവരിയിലിടിച്ച് ലോറി മറിയുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.