അര്‍ബുദം നല്‍കിയ ഉറക്കമില്ലാത്ത രാവുകളില്‍ കുത്തിക്കുറിച്ച ഡയറിക്കുറിപ്പുകള്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഒരു 73 വയസുകാരി. കോഴിക്കോട് വെസ്റ്റ് ചേന്ദമംഗലൂര്‍ സ്വദേശി ആമിന പാറക്കല്ലിന്‍റെ ഡയറിക്കുറിപ്പുകളാണ് കോന്തല കിസകള്‍ എന്ന പേരില്‍ പുസ്തകമായത്. അര്‍ബുദത്തെത്തുടര്‍ന്ന് ഒരു വൃക്ക തന്നെ എടുത്ത് കളയേണ്ടിവന്നപ്പോഴും ആമിന പതറിയില്ല.
ആമിനുമ്മയുടെ മുഖത്ത് എപ്പോഴുമുണ്ട് ഈ പുഞ്ചിരി. ജീവിതത്തില്‍ അപ്രതീക്ഷമായി എത്തിയ അര്‍ബുദം നല്‍കിയ വേദനയിലും ആമിന ചിരിച്ചു. ആ ചിരിക്കൊണ്ട് രചിച്ചതാക്കട്ടെ ജീവിതാനുഭവങ്ങളുടെ കഥള്‍. ആറാം ക്ലാസ് വരെ മാത്രം പഠിച്ച ആമിന വേദന കാരണം ഉറങ്ങാതിരുന്ന രാത്രികളില്‍ ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും വാക്കുകളില്‍ കോര്‍ത്തുവച്ചു. ഒടുവില്‍ അത് ആരെയും പ്രചോദിപ്പിക്കുന്ന ഒരു കഥയായി.
2013 ല്‍ ആണ് വൃക്കയില്‍ കണ്ടെത്തിയ മുഴ അര്‍ബുദമാണെന്ന് അറിയുന്നത്.. പ്രാര്‍ഥനയുമായി ദിവസങ്ങള്‍ തള്ളിനീക്കി. വേദനമറക്കാന്‍ അന്ന് ആമിന എഴുതിക്കൂട്ടിയ ഡയറിക്കുറിപ്പുകള്‍ പിന്നീട് അലമാരയില്‍ എവിടെയോ ഉപേക്ഷിക്കപ്പെട്ടു. അടുത്തിടെ വീട് പെയിന്‍റ് അടിക്കുന്നതിനിടെ ചിതലരിച്ച നിലയില്‍ 5 ഡയറികള്‍ മകന്‍ കണ്ടെത്തതാണ് അക്ഷരങ്ങളില്‍ അച്ചടിമഷി പുരളാന്‍ കാരണമായത്.
കുടുംബം നല്‍കിയ പിന്തുണയാണ് അര്‍ബുദത്തെ മറികടക്കാന്‍ സഹായിച്ചതെന്ന് ആമിന. അന്നും ഇന്നും മുഖത്തെ ചിരി മായാതെ സൂക്ഷിക്കുന്ന ആമിന ഉമ്മ ഒരു പ്രചോദനമാണ്..ആര്‍ക്കും..