swapna-certificate

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി സ്വപ്ന സ്പേസ് പാർക്കിൽ ജോലി നേടിയതിൽ എം.ശിവശങ്കറിൻ്റെ പങ്കിൽ അന്വേഷണ തീരുമാനം പിന്നീട്. സ്വപ്ന ആദ്യം നൽകിയ വിശദ മൊഴിയിൽ ശിവശങ്കറിനെക്കുറിച്ച് ആരോപണമില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ രണ്ടാഴ്ചക്കുള്ളിൽ മുംബൈയിലെ സർവകലാശാലയിൽ നേരിട്ടെത്തി വിവരം തേടാനും പൊലീസ് തീരുമാനിച്ചു.

 

മഹാരാഷ്ട്രയിലെ ബാബാ സാഹേബ് അംബേദ്കർ സർവകലാശാലയിൽ നിന്നെന്ന പേരിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സുരേഷ് ഐ.ടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ ജോലി നേടിയതും ലക്ഷങ്ങളുടെ ശമ്പളം കൈപ്പറ്റിയതും. വ്യാജ സർട്ടിഫിക്കറ്റെന്ന് അറിഞ്ഞു കൊണ്ട് ശിവ ശങ്കറാണ് ജോലി നൽകിയതെന്ന് സ്വപ്ന ആരോപിച്ചിരുന്നു.

 

വെളിപ്പെടുത്തൽ പ്രകാരം ശിവശങ്കറും വ്യാജ രേഖാ നിർമാണത്തിൽ പ്രതിയാകേണ്ടതാണ്. എന്നാൽ ഉടൻ അത്തരം നീക്കമുണ്ടാവില്ല.  കാരണം കേസിൻ്റെ തുടക്കത്തിൽ ജയിലിലെത്തി സ്വപ്നയുടെ വിശദ മൊഴിയെടുത്തിരുന്നു. കാമറയിൽ ചിത്രീകരിച്ച ആ മൊഴിയിലെവിടെയും സ്വപ്ന ശിവ ശങ്കറിൻ്റെ പേര് പറയുന്നില്ല. ചീഫ് സെക്രട്ടറി നടത്തിയ വകുപ്പ് തല അനോഷണത്തിലും വ്യാജ രേഖാ നിർമാണത്തിൽ ശിവശങ്കറിന് പങ്കെന്ന് കണ്ടെത്തലില്ല. അതിനാൽ കൂടുതൽ തെളിവ് ശേഖരിച്ച ശേഷമേ തീരുമാനമുണ്ടാകു. എന്നാൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിക്കാനായി തിരുവനന്തപുരം കാൻ്റാണ് മെൻ്റ് സി.ഐയുടെ നേതൃത്വത്തിലെ സംഘം സർവകലാശാലയിൽ നേരിട്ടെത്തി വിവരം ശേഖരിക്കും