kerala-express-train

TAGS

കോതനല്ലൂർ : ‘ട്രെയിനിന്റെ മുകളിൽ നിന്നു സ്ഫോടക ശബ്ദത്തോടെ തീപ്പൊരി ചിതറി വീണു, ആദ്യം എന്താണെന്ന് മനസ്സിലായില്ല’ കേരള എക്സ്പ്രസിലെ യാത്രക്കാരൻ തിരുവനന്തപുരം സ്വദേശി സുരേഷ് പറഞ്ഞു.

 

വൻ ദുരന്തത്തിൽനിന്നാണ് തിരുവനന്തപുരം – ന്യൂഡൽഹി കേരള എക്സ്പ്രസ് രക്ഷപ്പെട്ടത്. ട്രെയിൻ യാത്രക്കാരും നാട്ടുകാരും ഒരു പോലെ ഭയന്ന നിമിഷങ്ങളായിരുന്നു ഇന്നലെ കോതനല്ലൂരിൽ.

 

ആദ്യം ശബ്ദമാണു കേട്ടത്. ട്രെയിൻ കടന്നു പോകുന്ന ശബ്ദത്തിനിടയിൽ വലിയ പൊട്ടിത്തെറി ശബ്ദം കേട്ട് കോതനല്ലൂർ റെയിൽവേ ക്രോസിനു സമീപത്തുള്ള വീടുകളിലെ താമസക്കാരും വ്യാപാരികളും ഭയപ്പെട്ടു പുറത്തിറങ്ങി. നാട്ടുകാരാണു ബോഗിക്കു മുകളിൽ വൈദ്യുതി ലൈൻ പൊട്ടി വീണു കിടക്കുന്നതു കണ്ടത്. പൊട്ടി വീണ വൈദ്യുതി ലൈനും ക്രോസ് ബാറുകളും ബോഗികളിൽ ഉടക്കിക്കിടക്കുകയായിരുന്നു.  

 

സ്ഥലത്ത് എത്തിയ പഞ്ചായത്തംഗം ബിനോയി ഇമ്മാനുവൽ ഉടൻ അഗ്നിരക്ഷാ സേനയെയും പൊലീസിനെയും വിവരം അറിയിച്ചു. രണ്ടാമത്തെ ബോഗിക്കു മുകളിൽ നിന്നു തീപ്പൊരി ചിതറുന്നതു കണ്ടെന്നും വലിയ പൊട്ടിത്തെറി പോലുള്ള ശബ്ദം കേട്ടെന്നും എൻജിനു സമീപത്തുള്ള മൂന്ന് ബോഗികളിലെയും യാത്രക്കാർ പറഞ്ഞു. തീപിടിത്തമോ സ്ഫോടനമോ ആണന്നാണു കരുതിയത്. 

 

വൈദ്യുതി ബന്ധം നിലച്ചതോടെ ട്രെയിനിലെ ഫാനുകളും ലൈറ്റുകളും അണഞ്ഞു. കുഞ്ഞുങ്ങളുമായി യാത്ര ചെയ്തിരുന്നവർ കാറ്റും വെളിച്ചവും ലഭിക്കാതെ ദുരിതത്തിലായി. രണ്ടേമുക്കാൽ മണിക്കൂറോളം ട്രെയിനിൽ ഇരുന്ന യാത്രക്കാർ സമീപമുള്ള വീടുകളിൽ നിന്നാണു വെള്ളം വാങ്ങിക്കുടിച്ചത്. സമീപ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർ കോതനല്ലൂർ റോഡിലെത്തി ബസിൽ യാത്ര തുടർന്നു.