ഏറ്റുമാനൂർ: എംസി റോഡിൽ തെള്ളകം ഭാഗത്ത് അപകടങ്ങൾ പതിവ് സംഭവമാകുന്നു. 5 വർഷത്തിനിടെ 6 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. തലനാരിഴയ്ക്കു രക്ഷപ്പെട്ടവരും ഗുരുതരമായി പരുക്കേറ്റവരും അടക്കം ഒട്ടേറെ പേരാണ് അപകടത്തിൽ പെട്ടത്. അപകടങ്ങൾ പതിവായിട്ടും പരിഹാരം കാണാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഒട്ടേറെ വളവുകളുള്ള അനേകം പോക്കറ്റ് റോഡുകൾ തുറക്കുന്ന ഈ ഭാഗത്ത് മുന്നറിയിപ്പ് ബോർഡുകളോ, സ്പീഡ് ബ്രേക്കറുകളോ ഇല്ല.
റോഡിന് ഇരുവശത്തുമുള്ള അനധികൃത പാർക്കിങ് മൂലം കാൽനടയാത്ര പോലും ദുസ്സഹമാണെന്ന് നാട്ടുകാർ പറയുന്നു. നഗരത്തിലെ ഗതാഗത കുരുക്കിൽ നിന്നും രക്ഷപ്പെട്ട് വരുന്ന വാഹനങ്ങൾ ഈ ഭാഗത്ത് അമിത വേഗം എടുക്കുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. കഴിഞ്ഞ മാസം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചിരുന്നു. ഇതിന്റെ ഞെട്ടൽ വിട്ടുമാറും മുൻപാണ് വ്യാഴം രാത്രി കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് തെള്ളകം സ്വദേശി എം.കെ.ജോസഫ് മരിച്ചത്.
സുരക്ഷിതമല്ല പഴയ എംസി റോഡും
സമാന്തര പാതയായ പഴയ എംസി റോഡിലും അപകടങ്ങൾ പതിവാണ്. വ്യാഴാഴ്ച 3 അപകടങ്ങളും ഇന്നലെ 2 അപകടങ്ങളും ഉണ്ടായി. പ്രധാന റോഡിലെ തിരക്ക് ഒഴിവാക്കാനാണ് ഭാരവണ്ടികൾ ഉൾപ്പെടെയുള്ളവ ഈ റൂട്ട് സ്വീകരിക്കുന്നത്. അനേകം പോക്കറ്റ് റോഡുകൾ തുറക്കുന്ന റോഡിൽ ഏതു നിമിഷവും അപകടം ഉണ്ടാകാം. നൂറ്റിയൊന്ന് കവല, പാറോലിക്കൽ, തെള്ളകം, അടിച്ചിറ, സംക്രാന്തി എന്നിവിടങ്ങളിലാണ് അപകടങ്ങൾ ഏറെയും.
നാടിന്റെ നോവായി ആ അച്ഛനും മകളും
37 വർഷം മുൻപ് മകളുടെ ശരീരവുമായി ആശുപത്രിയിലേക്ക് പായുമ്പോൾ തന്റെ അന്ത്യവും അതേ വഴിയരികിലായിരിക്കുമെന്ന് ആ പിതാവ് അറിഞ്ഞിരിക്കില്ല. കഴിഞ്ഞ വ്യാഴം രാത്രി 9.30നാണ് മ്യാലിൽ എം.കെ.ജോസഫ് (77) തെള്ളകം കുരിശുപള്ളി കവലയിൽ വച്ച് അപകടത്തിൽ പെട്ടത്. 1985 മേയ് മാസത്തിൽ ജോസഫിന്റെ മകൾ ജോയ്സ് എം.ജോസും മരണത്തിനു കീഴടങ്ങിയത് ഇതേ കവലയിലാണ്.
കുരിശുപള്ളിക്കവലയിൽ മാതാവിന്റെ വണക്കമാസ പ്രാർഥനയ്ക്കായി റോഡരികിൽ നിൽക്കുകയായിരുന്ന ആ 5 വയസ്സുകാരിയെ മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും കുഞ്ഞു ജോയ്സിന്റെ ജീവൻ മാത്രം രക്ഷിക്കാനായില്ല. കുഞ്ഞിനെ ജോസഫും നാട്ടുകാരും ചേർന്നാണ് അന്ന് ആശുപത്രിയിലെത്തിച്ചത്.
കഴിഞ്ഞ ദിവസം കാരിത്താസ് ജംക്‌ഷനിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ജോസഫിനെ കുരിശുപള്ളി കവലയിൽ വച്ച് റോഡ് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് അടിയിലേക്കു കയറിപ്പോയ ജോസഫിനെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വ 3ന് സംക്രാന്തി ലിറ്റിൽഫ്ലവർ ക്നാനായ കാത്തലിക് പള്ളി സെമിത്തേരിയിൽ മകൾക്കൊപ്പം ഇനി പിതാവും അന്ത്യവിശ്രമം കൊള്ളും.