liquor-party

TAGS

കാസർകോട് : പരിശോധനയ്ക്കായി ശേഖരിച്ച മദ്യത്തിൽ ആൽക്കഹോളിന്റെ അളവിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് ബാറിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കാഞ്ഞങ്ങാട്ടെ രാജ് റസിഡൻസിയുടെ ബാർ ലൈസൻസാണ് എക്സൈസ് കമ്മിഷണർ താൽക്കാലികമായി സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. ഇതേ തുടർന്ന് ഉദ്യോഗസ്ഥർ ബാർ അടപ്പിച്ചു. 2019ൽ വിറ്റ ജവാൻ മദ്യത്തിലാണ് ആൽക്കഹോൾ അംശത്തിൽ വ്യത്യാസം കണ്ടത്

 

ആൽക്കഹോളിന്റെ അളവിന്റെ 3% വരെ വ്യതിയാനം അനുവദനീയമാണ്. ഇതിലേറെ വ്യത്യാസം വന്നാൽ നടപടികൾ സ്വീകരിക്കും. കാഞ്ഞങ്ങാട് നിയന്ത്രിത അളവിലും കുറവാണ് ആൽക്കഹോൾ എന്നാണ് കണ്ടെത്തിയത്. രാസ പരിശോധനാ ഫലം കോഴിക്കോട്ടെ ലാബിൽ നിന്ന് പുറത്ത് വന്നതോടെയാണ് കഴിഞ്ഞ ദിവസത്തെ നടപടി.

 

വീര്യം 3 ശതമാനത്തിലേറെ കുറഞ്ഞ സംഭവമായതിനാൽ ജാമ്യം കിട്ടുന്ന വകുപ്പുകൾ ചുമത്തിയാണു നടപടി. സാംപിളിൽ വീര്യം കൂടിയാലാണ് എക്സൈസ് കടുത്ത നടപടികൾ സ്വീകരിക്കുക. എക്സൈസ് കമ്മിഷണർക്ക് ബാറുമായി ബന്ധപ്പെട്ടവർ വിശദീകരണം നൽകിയ ശേഷം ലൈസൻസ് സംബന്ധമായ കാര്യങ്ങളിൽ തീരുമാനമെടുക്കും. 

 

2020ൽ വീര്യം കൂടിയ ജവാൻ

 

സംസ്ഥാനത്ത് 2020ൽ ജവാൻ റമ്മിന് വീര്യം കൂടിയതിനെ തുടർന്ന് 3 ബാച്ച് പിൻവലിക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ജവാൻ റമ്മിൽ 42.18 % ഈഥൈൽ ആൽക്കഹോളാണ് അനുവദനീയം. 2020 ജൂലൈയിൽ ഉൽപാദിപ്പിച്ച 3 ബാച്ചിലെ മദ്യത്തിൽ അനുവദിച്ചതിലേറെ ആൽക്കഹോൾ അംശം കണ്ടെത്തി. രാസപരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

 

പരിശോധിച്ച സാംപിളുകളിൽ 62.51% ഈഥൈൽ ആൽക്കഹോൾ കണ്ടെത്തി. തുടർന്ന് ഇവയുടെ വിൽപന മരവിപ്പിച്ചിരുന്നു. കേരള സർക്കാരിനു കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ മദ്യത്തിന്റെ നിർമാതാക്കൾ.

 

ഫലം വരാൻ 3 വർഷം

 

പതിവു പരിശോധനയുടെ ഭാഗമായാണ് കാഞ്ഞങ്ങാട് ബാറിൽ നിന്ന് എക്സൈസ് അധികൃതർ ജവാൻ മദ്യത്തിന്റെ സാംപിൾ ശേഖരിച്ചത്. കോഴിക്കോട് കെമിക്കൽ ലാബിൽ നിന്ന് ഫലം വരാൻ കാത്തിരുന്നത് 3 വർഷം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള സാംപിളുകൾ കോഴിക്കോട്ടെ ലാബിലേക്കാണ് ഇപ്പോൾ അയയ്ക്കുന്നത്. വിവിധ വകുപ്പുകൾ ഈ ജില്ലകളിൽ നിന്നു ശേഖരിച്ച സാംപിളുകളെല്ലാം കോഴിക്കോട്ടെ ലാബിലേക്ക് അയച്ചതോടെ ഫലം ലഭിക്കാൻ ഏറെ വൈകുന്ന സ്ഥിതിയാണ്.

 

Less alcohol in Jawan liquor; The bar is closed