കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിലേക്കുള്ള ആദ്യ സൂപ്പർഫാസ്റ്റ് ബസ് എത്തി. 130 ബസുകൾ കൂടി വൈകാതെ എത്തും. വാഹനം പൊളിക്കൽ നയപ്രകാരം ഏപ്രിൽ ഒന്നിന് കെ.എസ്.ആർ.ടി.സി 1,662 ബസുകൾ പൊളിക്കാൻ മാറ്റേണ്ടിവരുമെന്നിരിക്കെ, പ്രതിസന്ധി ചർച്ച ചെയ്യാൻ അടുത്താഴ്ച മുഖ്യമന്ത്രി യോഗം വിളിച്ചു. 

 

ഓർഡർ നൽകിയ 131 ഡീസൽ ബസുകളിൽ ഒന്നാണിത്. നിലവിലുള്ള ബസുകൾ കാലാവധി പിന്നിട്ടിട്ടും സൂപ്പർഫാസ്റ്റ് ശ്രേണിയിൽ ഓടുകയാണ്. നിലവിലുള്ളതിൽ 52 സീറ്റാണെങ്കിൽ ഇതിൽ 55 പേർക്ക് ഇരിക്കാം. സി.സി.ടി.വി കാമറകൾ ഉൾപ്പെടെ അത്യാധുനിക സൌകര്യങ്ങളുമുണ്ട്. പുതിയ ബസുകൾ സ്വിഫ്റ്റിന്റെതായതിനാൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനം ഇനിയും കുറയും. ഈ പുതിയ ബസുകൾ കൊണ്ട് കെ.എസ്.ആർ.ടി.സിയുടെ മുൻപിലുള്ള വലിയ പ്രതിസന്ധി മാറില്ല. കേന്ദ്രത്തിന്റെ വാഹനം പൊളിക്കൽ നയം പ്രകാരം ഏപ്രിൽ ഒന്നിന് ശേഷം നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ആയിരം ഓർഡിനറി ബസുകൾ ഉൾപ്പെടെ 1662 ബസുകൾക്ക് നിരത്തിലിറങ്ങാനാവില്ല. ഇവയ്ക്ക് പകരം ബസ് വാങ്ങാൻ 640 കോടി രൂപ വേണം. കേന്ദ്രത്തിന്റെ പദ്ധതി പ്രയോജനപ്പെടുത്തി ഇലക്ട്രിക് ബസുകൾ വാടകയ്ക്ക് എടുക്കാൻ അവസരമുണ്ടെങ്കിലും കിലോമീറ്ററിന് 40 രൂപയാണ് ചെലവ് കണക്കാക്കുന്നത്. അത് വലിയ നഷ്ടമാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടുത്താഴ്ച യോഗം വിളിച്ചിരിക്കുന്നത്.