ശതാബ്ദി ആഘോഷങ്ങള്‍ പുരോഗമിക്കുന്ന വൈക്കത്തിന്റെ സത്യഗ്രഹ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അവശേഷിപ്പാണ് വൈക്കം ബോട്ട് ജെട്ടി . രാജഭരണകാലം മുതല്‍ വൈക്കത്തെ അടയാളപ്പെടുത്തുന്നതും ഈ അവശേഷിപ്പ് തന്നെ. എന്നാല്‍ ശതാബ്ദി വര്‍ഷമെങ്കിലും കണ്‍മുന്നില്‍ നശിക്കുന്ന ചരിത്രത്തെ അവഗണിക്കരുതെന്നാണ് ചരിത്രകാരന്മാരുടെ ഉള്‍പ്പെടെയുള്ള ആവശ്യം.

1925 മാര്‍ച്ച് 9....വൈക്കത്ത് തുടങ്ങുന്ന പുതിയ സത്യഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു ഗാന്ധിയുടെ സന്ദര്‍ശനം...കൊച്ചിയില്‍ നിന്ന് ബോട്ടുമാര്‍ഗം വൈക്കത്തെത്തിയ ഗാന്ധിക്ക് കെ.കേളപ്പന്‍ ഉള്‍പ്പെടുന്ന നേതൃസംഘത്തിന്റെ സ്വീകരണം..തിരുവിതാംകൂര്‍ ശംഖുമുദ്ര പേറുന്ന ബോട്ടുജെട്ടി കടന്ന് പടിഞ്ഞാറേനടയിലൂടെ കച്ചേരിക്കവലയിലേക്ക്. ദേശീയ ശ്രദ്ധ നേടാന്‍ പോവുന്ന സത്യഗ്രഹത്തിന്റെ ഭാവരൂപ മാറ്റങ്ങള്‍ ആദ്യമറിഞ്ഞതും ഇന്ന് മറവിയിലേക്കൊതുക്കുന്ന ഈ ചെറിയ കെട്ടിടമായിരുന്നു...ഗാന്ധിയുടെ സന്ദര്‍ശനത്തിന് എത്രമേല്‍ പ്രാധാന്യം വൈക്കം സത്യഗ്രഹത്തിലുണ്ടോ അത്രമേല്‍ ബോട്ടുജെട്ടിയും ചരിത്രത്തിലുണ്ട്.എന്നാല്‍ കാലം മാറിയപ്പോള്‍ അവഗണനയുടെ ചരിത്രത്തിലേക്ക് ബോട്ടുജെട്ടിയും നിറം മങ്ങി.

സത്യഗ്രഹത്തിന്റെ അമ്പതാം വര്‍ഷത്തില്‍ വൈക്കത്തെത്തിയ ഇന്ദിരാ ഗാന്ധി അന്ന് മുന്നോട്ടുവെച്ചതും ബോട്ടുജെട്ടി സ്മാരകമാക്കണമെന്ന ആവശ്യമായിരുന്നു.നൂറാണ്ട് തികയുമ്പോഴും ഭരണ നേതൃത്വങ്ങള്‍ക്ക് ബോട്ടുജെട്ടിയുടെ ശരിയായ സംരക്ഷണം സംബന്ധിച്ച് മറുപടിയില്ല..ഇനിയുമൊരു അമ്പതാണ്ട് കാത്തിരുന്നാലും നടപടിയുണ്ടാവില്ലെന്ന നിരാശയാണ് നാട്ടുകാര്‍ക്ക്...ഒപ്പം ആശങ്കയും , ചരിത്രം എത്രകാലത്തേക്ക് അവഗണനയ്ക്ക് മുന്നില്‍ കാത്തിരിക്കും.