അട്ടപ്പാടി മധു വധക്കേസില്‍ മണ്ണാര്‍ക്കാട് കോടതിയുടെ ശിക്ഷാവിധിക്കെതിരെ മധുവിന്റെ കുടുംബം അപ്പീല്‍ നല്കാന് ശ്രമം തുടങ്ങി. ഹൈക്കോടതിയിലെ അഭിഭാഷകരുമായി ആശയവിനിമയം നടത്തി. സര്‍ക്കാര്‍ പിന്തുണ ലക്ഷ്യമിട്ട് മുഖ്യമന്ത്രിയെയും മന്ത്രി കെ.രാധാകൃഷ്ണനെയും നേരില്‍ക്കണ്ട് അപേക്ഷ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മധുവിന് പൂര്‍ണമായും നീതി ലഭിക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയ കുടുംബം നിയമനടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പതിനാലുപേര്ക്കും മണ്ണാര്‍ക്കാട് കോടതി നല്‍കിയത് ചെറിയ ശിക്ഷയെന്നാണ് മധുവിന്റെ അമ്മയും സഹോദരിയും പറയുന്നത്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള ശ്രമത്തിനായി മുതിര്‍ന്ന അഭിഭാഷകരുമായി മധുവിന്റെ കുടുംബവും മധു നീതിസഹായ സമിതി അംഗങ്ങളും ആശയവിനിമയം നടത്തി.
അപ്പീലിന് പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മധുവിന്റെ കുടുംബത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണനും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പിന്തുണ കൂടി നേടുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് അപേക്ഷ സമര്‍പ്പിക്കാനും മധുവിന്റെ കുടുംബം ആലോചിക്കുന്നുണ്ട്. പ്രോസിക്യൂഷന് കൊലക്കുറ്റം തെളിയിക്കാന്‍ കഴിയാത്ത മധു വധക്കേസില്‍ മണ്ണാര്‍ക്കാട് കോടതി പരമാവധി ശിക്ഷ നല്‍കിയെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. തുടര്‍ നടപടികളിലേക്ക് നീങ്ങിയാലും ഈ വിധിയില്‍ തൃപ്തിപ്പെടേണ്ടി വരുമെന്നാണ് ഒരുവിഭാഗം അഭിഭാഷകര്‍ പറയുന്നത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിര്‍ദേശം കൂടി പരിഗണിച്ച് തുടര്‍ ഇടപെടലുകളിലേക്ക് നീങ്ങുന്നതിനാണ് മധുവിന്റെ കുടുംബത്തിന്റെ ശ്രമം. നിരവധി പ്രതിസന്ധികളിലൂടെ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷാവിധി വന്ന കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞുവെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. മതിയായ ശിക്ഷ ലഭിച്ചില്ലെന്ന കുടുംബത്തിന്റെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മധു കേസില്‍ ഇനിയും കോടതി നടപടികള്‍ തുടരുമെന്ന് വ്യക്തം.
Madhu's family has started an appeal against the sentence of the Mannarkkad court