എഡിഎം നവീന്‍ബാബുവിന്‍റെ മരണത്തില്‍ പി.പി ദിവ്യക്കെതിരെ നവീന്‍റെ ഭാര്യ മഞ്ജുഷ ആദ്യമായി പ്രതികരിച്ചതിന് പിന്നാലെ, സോഷ്യൽ മീഡിയയിലാകെ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷ വിമർശനവും കമന്‍റുകളും. പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലാണ് ആദ്യം രം​ഗത്തെത്തിയത്. ഇതിന് താഴെ വന്ന ഒരു കമന്‍റിങ്ങനെയാണ്'പാവം..! സത്യസന്ധനായ ആ മനുഷ്യനെ കൊന്ന് തള്ളിയതാണ്... അതിന്, മന:സാക്ഷിയുള്ള ഒരു ഇടതുപക്ഷക്കാരൻ പോലും എതിർപ്പ് പറയില്ല. മനുഷ്യത്വമില്ലാത്ത ക്രൂരത ആയിപ്പോയി എഡിഎമ്മിൻ്റെ കൊലപാതകം. എത്ര സത്രീകളുടെ ശാപവും കണ്ണീരുമാണ് ഈ ആഭ്യന്തര വകുപ്പ് പേറുന്നത്'. - ടോജോ എന്ന അക്കൗണ്ടിൽ നിന്ന് വന്ന കമന്‍റ്  വളരെ വൈകാരികമായിരുന്നു. 

'എന്ത് രീതിയിലുള്ള നേതാവായാലും ശരി, മനുഷ്യനെ കൊല്ലാൻ പ്രേരിപ്പിക്കുന്ന ഇവരെങ്ങനെ ജനങ്ങളെ നയിക്കാൻ അർഹതയുള്ള ആളാകും? ഇവർ സ്വയം രാഷ്ട്രീയത്തിൽ നിന്നും മാറിനിൽക്കലാണ് തൽക്കാലം നല്ലത്. വീണ വാക്കും പോയ ബുദ്ധിയും തിരിച്ച് വരാൻ പ്രയാസമാണ്.' - പ്രേം കുമാർ കുറിച്ചു. 

'പി പി ദിവ്യയെ മാത്രമല്ല, പിണറായി വിജയൻ്റെ ആജ്ഞപ്രകാരം അവരെ ഇത്രയും നാൾ സംരക്ഷിച്ച കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറേയാണ് ആദ്യം പിടിച്ച് അകത്തിടേണ്ടത്.' - ഇത്തരത്തിലാണ് മുസ്തഫയുടെ രോഷപ്രകടനം. 

'ദിവ്യയെ പിടികൂടാതെ ഒളിവിൽ പോയ പൊലീസ്കാർ തിരിച്ചു വരണം, തെളിവുകൾ  നശിപ്പിക്കാനുള്ള അവസരം നൽകി പൊലീസും ഭരണകൂടവും, സിപിഎമ്മിനു മാരകായുധം ഇല്ലാതെയും ആളെ കൊല്ലാൻ അറിയാം' എന്ന് തുടങ്ങി രൂക്ഷമായ ഭാഷയിലാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളിലേറെയും. 

ആത്മഹത്യ ആണെങ്കിൽ ഒരു ആത്മഹത്യ കുറിപ്പുണ്ടാകില്ലേയെന്ന നവീൻ ബാബുവിന്‍റെ ജീവിത പങ്കാളിയായ തഹസീൽദാർ ശ്രീമതി മഞ്ജുഷയുടെ വാക്കുകളിലുണ്ട് എല്ലാമുണ്ടെന്നാണ്  രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.  തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണമെന്നാണ് തന്‍റെ ആഗ്രഹമെന്നാണ് മഞ്ജുഷ മാധ്യമങ്ങളോട് അല്പസമയം മുമ്പ് പ്രതികരിച്ചത്. നീതി ലഭിക്കുന്നതിനായി ഏതറ്റംവരെയും പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

പി.പി ദിവ്യയ്ക്ക് യാത്രയയപ്പ് വേദിയില്‍ സംസാരിക്കാന്‍ അവസരമൊരുക്കിയ ജില്ലാ കലക്ടറുടെ നടപടി ശരിയായില്ലെന്നും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും അവര്‍ വിമര്‍ശനം ഉന്നയിച്ചു. അത്തരമൊരു കാര്യം സംസാരിക്കാനുള്ള വേദി അതായിരുന്നില്ലെന്നും മഞ്ജുഷ പറഞ്ഞു. സംഭവം നടന്നതില്‍ വിഷമത്തിലാണ് നവീന്‍ അന്ന് വൈകുന്നേരം വിളിച്ച് സംസാരിച്ചത്. ട്രെയിനിലാണെന്ന് തന്നെയാണ് നവീന്‍ അവസാനം സംസാരിക്കുമ്പോഴും പറയുന്നത്. നവീന്‍ എത്തരത്തിലെ ഉദ്യോഗസ്ഥനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അവര്‍ പറ‍ഞ്ഞു. നീതിക്ക് വേണ്ടി മുന്നോട്ട് പോകുമെന്ന് നവീന്‍ബാബുവിന്‍റെ സഹോദരനും പ്രതികരിച്ചു. നിയമവഴിയാണ് കുടുംബം നോക്കിയതും സ്വീകരിച്ചതും. അങ്ങനെതന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Naveen babu's wife Manjusha's reaction; Harsh comments against Kerala police