വിഴിഞ്ഞം തുറമുഖത്തിന്‍റെ പുലിമുട്ട് നിര്‍മാണത്തിനായി സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് 75 കോടി രൂപ കൂടി കൈമാറി. ഇതോടെ ആകെ കൈമാറിയ തുക 325 കോടിയായി. തുറമുഖത്തേക്കുള്ള ക്രെയിനുകള്‍ ചൈനയിലെ ഷാങ് ഹായില്‍ നിന്ന് ഓഗസ്റ്റില്‍ കയറ്റിയയക്കും.
ഇന്നലെയാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്ന് വായ്പയെടുത്ത് 75 കോടിരൂപ സര്‍ക്കാര്‍, അദാനി ഗ്രൂപ്പിന് കൈമാറിയത്. ആദ്യം 100 കോടിയും പിന്നീട് 150 കോടിയും നല്‍കിയിരുന്നു. പുലിമുട്ട് നിര്‍മാണം 30 ശതമാനം പൂര്‍ത്തിയായ സാഹചര്യത്തില്‍ സര്‍ക്കാര്‍ 347 കോടിയാണ് അദാനിക്ക് നല്‍കേണ്ടത്. അവശേഷിക്കുന്നതുക വൈകാതെ നല്‍കും. പുലിമുട്ടിന്‍റെ നിര്‍മാണം 2300 മീറ്റര്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതേസമയം തുറമുഖത്തേക്കുള്ള ക്രെയിനുകള്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കി. ക്രെയിനുകള്‍ പരിശോധിക്കുന്നതിന് ചൈനയിലെ ഷാങ് ഹായിയിലേക്ക് യാത്ര ചെയ്യാന്‍ വിസില്‍ സി.ഇ.ഒ ഡോ. ജയകുമാറിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.
ഷാങ് ഹായിയിലെ ZPMC കമ്പനിയില്‍ നിന്നാണ് ക്രെയിനുകള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. എട്ട് കൂറ്റന്‍ സൂപ്പര്‍ പോസ്റ്റ് പാനമാക്സ് ക്രെയിനുകളും 24 സി.ആര്‍.എം.ജി ക്രെയിനുകളുമാണ് ചൈനയില്‍ നിന്ന് വരുന്നത്. ക്രെയിനുകള്‍ക്കും അനുബന്ധഉപകരണങ്ങള്‍ക്കുമായി 1500 കോടിയാണ് വില. ഈ മാസം അവസാനം വിസില്‍ സി.ഇ.ഒ ചൈനയിലെത്തും. ഓഗസ്റ്റ് അവസാനത്തോടെ ക്രെയിനുകള്‍ കപ്പലില്‍ വിഴിഞ്ഞത്തേക്ക് പുറപ്പെടും. ഒരു കപ്പലില്‍ പരമാവധി മൂന്ന് കൂറ്റന്‍ ക്രെയിനുകള്‍ കയറ്റാം. കാലാവസ്ഥയെ കൂടി ആശ്രയിച്ചായിരിക്കും കപ്പലുകളുടെ യാത്രയില്‍ അന്തിമ തീരുമാനം.