vadakara-road

TAGS

കോഴിക്കോട് വടകര കാവിൽ - തീക്കുനി റോഡിന്റെ ദുരവസ്ഥയിൽ യാത്രക്കാർ വലയുകയാണ്. ഒന്നേകാൽ വർഷത്തിനുള്ളിൽ മൂന്ന് തവണ ടാറിങ് നടത്തിയ റോഡ് വീണ്ടും തകർന്നു തുടങ്ങി. മഴക്കാലത്ത് റോഡ് പണി നടത്തുന്ന കരാറുകാരുടെ അനാസ്ഥയാണ് യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുന്നത്. 

 

വടകര കാവിൽ - തീക്കുനി റോഡ്‌ യാത്ര ചെയ്യാൻ കഴിയാത്ത വിധം തകർന്നതോടെയാണ് റീ ടാറിങ്ങിന് അനുമതിയായത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് 2022 മാർച്ചിൽ രണ്ട് കോടിയോളം രൂപയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മഴക്കാലത്താണ് റോഡ് പണി തുടങ്ങിയത്. ഒരാഴ്ചയ്ക്ക് ഉള്ളിൽ തന്നെ നിർമ്മാണ നടന്ന ഭാഗം തകർന്നു. മഴക്കാലത്ത് തന്നെ കരാറുകാരൻ തകർന്ന ഭാഗം വീണ്ടും ടാർ ചെയ്തു. അതും വൈകാതെ തകർന്നു. പ്രതിഷേധങ്ങൾക്ക് ഒടുവിൽ കരാറുകാരനെ മാറ്റി റോഡ് നിർമ്മാണം തുടങ്ങിയെങ്കിലും അതിനും നിലവാരമില്ലെന്നാണ് പരാതി. റോഡ് പണിക്ക് പിന്നിൽ അഴിമതിയുണ്ടെന്നാണ് ആക്ഷേപം.

 

വടകരയിൽ നിന്ന് കുറ്റ്യാടിയിലേക്ക് എളുപ്പത്തിൽ എത്താവുന്ന റോഡാണിത്. മികച്ച നിലവാരത്തിൽ റോഡ് പണി പൂർത്തിയാക്കണമെന്ന്

ആവശ്യപ്പെട്ട് യുവജന സംഘടനകൾ സമരത്തിനൊരുങ്ങുകയാണ്.