സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്‍റെ പ്രത്യേക അനുമതി വേണം. ഓണക്കാലത്തെ ചെലവിനായി നാളെ 2000 കോടി സര്‍ക്കാര്‍ കടമെടുക്കും. പ്രതിസന്ധി സര്‍ക്കാരിനാണെങ്കിലും വിലക്കയറ്റവും ആനുകൂല്യങ്ങള്‍ മുടങ്ങിയതും ചേര്‍ന്ന് വലയുന്നത് സാധാരണക്കാരായ ജനങ്ങളാണ്.
ഓണം ബംപറല്ല, അബുദാബി ബിഗ് ലോട്ടറിയടിച്ചാലും ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്‍റെ പ്രശ്നങ്ങള്‍ തീരില്ല. ഇനി പറയുന്ന കണക്കുകള്‍ കേള്‍ക്കുക. മൂന്നുമാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കുടിശിക കൊടുക്കാന്‍ 2880 കോടി വേണം. ഓണത്തിന് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ എങ്കിലും കൊടുത്തില്ലെങ്കില്‍ ലക്ഷണക്കണക്കിന് ജനങ്ങളുടെ ഓണം കറുക്കും. നെല്ല് സംഭരിച്ച വകയില്‍ അന്നമൂട്ടുന്ന കര്‍ഷകര്‍ക്ക് 450 കോടി സപ്ലൈകോ കൊടുക്കണം. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സപ്ലൈകോയ്ക്ക് സാധനങ്ങള്‍ നല്‍കിയ വിതരണക്കാര്‍ക്ക് 560 കോടി കൊടുക്കാനുണ്ട്. ആകെ 250 കോടിയാണ് ധനവകുപ്പ് കഴിഞ്ഞദിവസം നല്‍കിയത്. ഓണത്തിന് വിലക്കയറ്റത്തിന് മൂക്കുകയറിടണമെങ്കില്‍ ഇനിയും സപ്ലൈകോയ്ക്ക് പണം വേണം. കിറ്റ് വിതരണം ചെയ്ത വകയില്‍ റേഷന്‍ കടക്കാര്‍ക്ക് സര്‍ക്കാര്‍ 40 കോടി നല്‍കാനുണ്ട്. സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കിയ പ്രഥമാധ്യാപകര്‍ക്കും പാചകത്തൊഴിലാളികള്‍ക്കുമായി 52 കോടി നല്‍കണം. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍–സ്വകാര്യ ആശുപത്രികള്‍ക്ക് 557 കോടി രൂപ സര്‍ക്കാര്‍ നല്‍കാനുണ്ട്. 338 കോടി മാത്രമാണ് ഇതുവരെ അനുവദിച്ചത്. പാവങ്ങള്‍ക്ക് കൈത്താങ്ങാകുന്ന 12 സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം നയാപൈസ നല്‍കിയിട്ടില്ല. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ നടത്തിയ കുട്ടികള്‍ക്ക് നല്‍കാനുള്ള പണം ഭാഗികമായെങ്കിലും അനുവദിച്ചത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി സര്‍ക്കാര്‍ ആശുപത്രികളിലേക്കും മെഡിക്കല്‍ കോളജുകളിലേക്കും മരുന്നുകള്‍ വാങ്ങിയ വകയിലും കോടികള്‍ കുടിശിക. കെ.എസ്.ആര്‍.ടി.സിക്ക് മുന്‍മാസങ്ങളില്‍ നല്‍കാനുള്ള സഹായത്തില്‍ 50 കോടി കുടിശിക. അടുത്തമാസം ഇതിന് പുറമെ 50 കോടി കൊടുത്താലേ ജീവനക്കാര്‍ക്ക് ഓണമുണ്ണാന്‍ പറ്റൂ. 20 രൂപയ്ക്ക് ഊണു നല്‍കിയ ജനകീയ ഹോട്ടലുകള്‍ക്ക് മാസങ്ങളായി സര്‍ക്കാര്‍ സബ്സിഡി നല്‍കിയിട്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചുഗഡു കുടിശികയാണ്.
ഇതിനൊക്കെ പുറമെ ഓണത്തിന് ശമ്പളം, പെന്‍ഷന്‍, ബോണസ്, ഉത്സവബത്ത എല്ലാം വിതരണം ചെയ്യണം. തല്‍ക്കാലം ഓണച്ചെലവ് നിവര്‍ത്തിക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുകയാണ് ധനവകുപ്പ്. നാളെയെടുക്കുന്ന 2000 കോടിയുടെ വായ്പ ആ വഴിയെ പോകാനാണ് സാധ്യത.