കൃഷിക്ക് വെള്ളമെത്തിക്കാന്‍ സ്ഥാപിച്ച പമ്പ് ഹൗസ് പ്രവര്‍ത്തനം തുടങ്ങാത്തതിനാല്‍ കൃഷിയിറക്കാനാകാതെ വയനാട് മരക്കടവിലെ നെല്‍കര്‍ഷകര്‍. ആവശ്യത്തിന് വെള്ളം കിട്ടാതായതോടെ മേഖലയില്‍ പച്ചക്കറിയുള്‍പ്പടെ കൃഷിയിറക്കിയ കര്‍ഷകരും പ്രതിസന്ധിയിലാണ്. മരക്കടവിന് ചുറ്റും വെള്ളമാണ്. ഒരുവശത്ത് കബനി നദി. മറ്റൊരിടത്ത് വെള്ളം സംഭരിച്ച ചിറകളും കനാലുകളും. എന്നിട്ടും ഇവിടുത്തെ പാടങ്ങള്‍ വിണ്ടുകീറി കിടക്കുകയാണ്.

പാടത്ത് വെള്ളമെത്തിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി പമ്പ് ഹൗസ് സ്ഥാപിച്ചെങ്കിലും കര്‍ഷകര്‍ക്ക് ഗുണംചെയ്യുന്നില്ല. മഴ കൂടി ചതിച്ചതോടെ കബനി നദിയ്ക്കടുത്തുളള പച്ചകറി കൃഷികളും കരിഞ്ഞു തുടങ്ങി. നിര്‍മാണം പൂര്‍ത്തിയായ പമ്പ് ഹൗസ് പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ സമീപത്തെ ചിറകളില്‍ വെള്ളമെത്തിച്ച് കര്‍ഷകര്‍ക്ക് കൃഷിയിറക്കാം. പച്ചക്കറിയുള്‍പ്പടെയുള്ള കൃഷികള്‍ സംരക്ഷിക്കുകയും ചെയ്യാം. മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കൃഷിക്കായുള്ള വെള്ളം കിട്ടുമെന്നിരിക്കെ കൃഷി കരിയുന്നതും പാടം വിണ്ടുകീറുന്നതും നിസഹായമായി കണ്ടിരിക്കുകയാണ് ഇവിടുത്തെ കര്‍ഷകര്‍.

 

Farmers in Wayanad are in crisis