വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡിന് സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം പോലും മുടങ്ങുന്ന അവസ്ഥ. ഭൂമിയുടെ രേഖകള്‍ റവന്യൂ അധികൃതരുടെ കയ്യിലായതിനാല്‍ വിദേശത്ത് പഠനത്തിന് പോകാന്‍ തയ്യാറെടുത്തിരുന്നവര്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കപ്പെട്ടു. ഇത്തരത്തില്‍ റോഡിനായി സ്ഥലം വിട്ടു നല്‍കിയയാളാണ് കാട്ടാക്കട പഞ്ചായത്തിലെ കോട്ടപ്പുറത്ത് പ്രമോദ് കുമാര്‍. ആധാരം റവന്യൂ വകുപ്പിന് കൈമാറുകയും ചെയ്തു. ഇതിനിടയില്‍ പ്ലസ് ടു കഴിഞ്ഞ മകന് വിദേശപഠനത്തിന് അവസരം വന്നു. എന്നാല്‍ ആധാരം കൈമാറിക്കഴിഞ്ഞതിനാല്‍ വായ്പയെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.
പ്രമോദിന്‍റെ പ്രശ്നങ്ങള്‍ അവിടെയും തീരുന്നില്ല. ഹൃദയത്തിന്‍റെ വാല്‍വ് ചുരുങ്ങുന്ന രോഗമാണ് പ്രമോദിന് ഭാര്യക്ക് ക്യാന്‍സറും. വികസന പദ്ധതിക്ക് ഏറ്റെടുക്കുന്ന സ്ഥലത്തിന്‍റെ പണം എന്നെങ്കിലും കിട്ടിയിട്ട് പ്രമോദിനോ കുടുംബത്തിനോ കാര്യമില്ല. പ്രമോദിന്‍റെ സമീപവാസികളും ഇതുപോലെ പ്രതിസന്ധിയിലാണ്. ലൈഫ് പദ്ധതിയില്‍ മൂന്ന് വര്‍ഷം മുമ്പ് വച്ചുകിട്ടിയ വീടിന്‍റെ രേഖകള്‍ മടിക്കാതെ കൈമാറിയ ശേഷം ആശങ്കയിലായവരുണ്ട്. വികസനത്തിന് സ്ഥലം വിട്ടുകൊടുക്കാന്‍ സമ്മതിച്ചതിന്‍റെ പേരില്‍ മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാവാതെ ഉറക്കം നഷ്ടപ്പെട്ടവരുണ്ട്. എല്ലാവരുടെയും ആവശ്യം ഒന്നുമാത്രമാണ് സ്ഥലമെടുക്കല്‍ നടപടി എത്രയും വേഗം പൂര്‍ത്തിയാക്കണം, പണം നല്‍കണം.
Vizhinjam-Navaikulam Outer Ring Road; Natives who gave away land for the road are in distress now