കെട്ടിക്കിടക്കുന്ന കേസുകൾ വിചാരണ കോടതികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ ഇടപെടലുമായി ഹൈക്കോടതി. പെറ്റിക്കേസുകൾ അവസാനിപ്പിക്കുന്ന കാര്യത്തിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. വിഷയത്തിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു

കെട്ടിക്കിടക്കുന്ന കേസുകൾ നീതിന്യായ വ്യവസ്ഥക്ക് തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ ഹൈക്കോടതി വീണ്ടും ഇടപെടുന്നത്. 2022 ജൂലൈ വരെയുള്ള കണക്ക് പ്രകാരം ഒരു ലക്ഷത്തി അറുപത്തി ഏഴായിരത്തിലധികം പെറ്റി കേസുകളാണ് സംസ്ഥാനത്തെ മജിസ്ട്രേറ്റ് കോടതികളിൽ കെട്ടിക്കിടക്കുന്നത്. കേസുകൾ റജിസ്റ്റർ ചെയ്യുമ്പോൾ പലരും തെറ്റായ പേരും മേൽവിലാസവും നൽകാറുണ്ട്. ഈ കേസുകൾ കോടതിയിൽ എത്തുമ്പോൾ പ്രതികൾ ഹാജരാകാറില്ല. ഇതോടെ പ്രതികൾക്ക് തുടർച്ചയായി സമൻസും വാറണ്ടും അയക്കാൻ കോടതികൾ നിർബന്ധിതരാകും. ഇത് കോടതികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. രണ്ടുവർഷത്തിലേറെയായി കെട്ടിക്കിടക്കുന്ന ഇത്തരം കേസുകൾ പിൻവലിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിനും, പോലീസ് ഡിപ്പാർട്ട്മെന്റിനും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ 3112 കേസുകൾ മാത്രമാണ് പിൻവലിച്ചത്. അതുകൊണ്ട് തന്നെ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഇത്തരം കേസുകൾ എങ്ങനെ അവസാനിപ്പിക്കാം എന്ന വിഷയമാണ് സ്വമേധയാ എടുത്ത കേസിൽ ഹൈക്കോടതി പരിഗണിക്കുന്നത്.

കേസുകൾ അവസാനിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ നിലപാട് അറിയിക്കാൻ ആണ് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുടെ നിർദേശം. വിഷയത്തിൽ അഡ്വ. നന്ദഗോപാൽ.എസ്.കുറുപ്പിനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. പെറ്റി കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച നിയമവശങ്ങളാണ് അമിക്കസ് ക്യൂറി അറിയിക്കേണ്ടത്. കേസ് നവംബർ ഏഴിന് കോടതി വീണ്ടും പരിഗണിക്കും.

cases pending in court

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.