സംസ്ഥാനത്ത് മെഡിക്കല്‍ പിജി വിദ്യാര്‍ഥികളുടെയും ഹൗസ് സര്‍ജന്മാരുടെയും പണിമുടക്ക് പൂര്‍ണം. അത്യാഹിത വിഭാഗമടക്കം ബഹിഷ്ക്കരിച്ചെങ്കിലും മെഡിക്കല്‍ കോളജുകളെയടക്കം സമരം ഗുരുതരമായി ബാധിച്ചില്ല. വിവിധ ആവശ്യങ്ങളില്‍ അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സമരം കടുപ്പിക്കുമെന്ന് മെഡിക്കല്‍ കോളജ് ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
സൂചനാ സമരം സംഘടിപ്പിച്ച് ഒരുമാസം പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും മെഡിക്കല്‍ പിജി, ഹൗസ് സര്‍ജന്‍സി ഡോക്ടര്‍മാര്‍ പണമുടക്കിനിറങ്ങിയത്. രാവിലെ എട്ടിന് ആരംഭിച്ച സമരം നാളെ രാവിലെ എട്ടുവരെ നീളും. ജോലി സമയം ക്രമീകരിക്കുക, കൃത്യമായ വര്‍ക്കിങ് മാനുവല്‍ തയ്യാറാക്കുക, സ്റ്റൈപ്പെന്‍ഡ് വര്‍ദ്ദിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍
കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഒരു രൂപ പോലും സ്റ്റൈപ്പന്‍ഡ് ലഭിക്കാത്ത മറ്റൊരു വിഭാഗവുമുണ്ട്. വിദേശത്ത് നിന്ന് മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍. ഇവര്‍ക്കും സ്റ്റൈപ്പന്‍റ് നല്‍കണമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍റെ ഉത്തരവുണ്ട്. എന്നാല്‍ ആ ഉത്തരവും കാറ്റില്‍പറത്തിയിരിക്കുകയാണ്. ആരോഗ്യ മന്ത്രിയെ നേരില്‍കണ്ട് ആവശ്യങ്ങള്‍ അറിയിക്കാനാണ് സമരസമിതിയുടെ തീരുമാനം. പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് നീങ്ങും.