പത്തനംതിട്ട മൈലപ്രയിൽ  കാർ ഇടിച്ചു തെറിപ്പിച്ച ചുമട്ടു തൊഴിലാളി മരിച്ചു. കാർ അമിത വേഗത്തിൽ ആയിരുന്നുവെന്നും മദ്യക്കുപ്പികൾ കണ്ടെടുത്തുവെന്നും നാട്ടുകാർ പറഞ്ഞു. കാറിൽ ഉണ്ടായിരുന്നവരും പരുക്കേറ്റ് ചികിത്സയിലാണ്.

 

പത്തനംതിട്ട മേലേവെട്ടിപ്രം സ്വദേശി പ്രസന്നൻ  ആണ് മരിച്ചത്. 53 വയസ്സായിരുന്നു. പത്തനംതിട്ടയിലെ സിഐടിയു യൂണിയനിൽപ്പെട്ട ചുമട്ടു തൊഴിലാളിയാണ്. ഉച്ചയ്ക്ക് രണ്ടു മണിയോടെ കുമ്പഴ വടക്ക് മാർത്തോമ്മ പള്ളിക്ക് സമീപമാണ് അപകടം. റാന്നിയിൽ നിന്ന് കുമ്പഴ ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് പ്രസന്നനെ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ ഫുട്പാത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിലുണ്ടായിരുന്നവരെയും പ്രസന്നനെയും ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരുക്കേറ്റ പ്രസന്നൻ സംഭവ സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. 

 

പത്തനംതിട്ട സ്വദേശികളായ ബിജിത്ത്, ബ്ലെസ്സൺ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർക്ക് നിസാര പരുക്കാണുളളത്. ഇവർ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. കാറിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു. കാറോടിച്ച ബ്ലസൺ കേസിൽ പ്രതിയാകും.

The porter died after being hit by a car