onam-celeb

സര്‍ക്കാര്‍ ചെലവില്‍ മുഖ്യമന്ത്രി നടത്തിയത് പത്തൊന്‍പത് ലക്ഷത്തിന്‍റെ  ഓണസദ്യ. നിയമസഭാ മന്ദിരത്തില്‍ നടത്തിയ ഓണസദ്യയുടെ തുക നവംബര്‍ എട്ടിന് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എത്രപേര്‍ ചടങ്ങില്‍ പങ്കെടുത്തുവെന്നതിന് കൃത്യമായ കണക്കില്ലെന്നാണ് മറുപടി..

പ്രമുഖര്‍ക്കായി ഓഗസ്റ്റ് ഇരുപത്തിയാറിനാണ് മുഖ്യമന്ത്രി നിയമസഭാ മന്ദിരത്തില്‍ ഓണസദ്യയൊരുക്കിയത്. സ്വകാര്യ കാറ്ററിങ് സ്ഥാപനത്തില്‍നിന്ന് ലഭിച്ച ബില്ലുകള്‍ പരിശോധിച്ചശേഷം ഈ മാസം എട്ടിന് പത്തൊന്‍പത് ലക്ഷത്തിനൂറ്റിമുപ്പത് രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. വിനോദസംബന്ധിയായ ചെലവുകളില്‍ ഉള്‍പ്പെടുത്തിയാണ് നടപടി.

ഇത്രയും തുക ചെലവായെങ്കിലും എത്രപേര്‍ സദ്യക്കെത്തിയെന്നതിന് കൃത്യമായ കണക്കില്ല. പക്ഷേ പരിപാടിയുടെ ക്ഷണപത്രം  അടിച്ചവകയില്‍ 15400 രൂപയും ചെലവാക്കി. ഇത് കഴിഞ്ഞ മാസം പത്തിന് അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. വിവരാവകാശനിയമപ്രകാരം ആദ്യം നല്‍കിയ അപേക്ഷയില്‍ മറുപടി നല്‍കാതിരുന്നതിനുശേഷം അപ്പീല്‍ നല്‍കിയതോടെയാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ്.മണികുമാറിന് യാത്രയയപ്പ് നല്‍കാന്‍ കോവളത്ത് പത്തുപേര്‍ പങ്കെടുത്ത പരിപാടിക്ക് 125000 രൂപ ചെലവാക്കിയതിന്റെ കണക്കും അടുത്തിടെ പുറത്തുവന്നിരുന്നു.