കുസാറ്റ് ദുരന്തത്തിൽ നാലു വിദ്യാർത്ഥികൾക്കാണ് ജീവൻ നഷ്ടമായത്.  നിരവധി പേർക്ക് പരുക്കേറ്റു. കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു പേരേയും തിരിച്ചറിഞ്ഞു. മൂന്നു വിദ്യാര്‍ഥികളും ഒരു യുവാവുമാണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി,  പറവൂര്‍ സ്വദേശിനി ആന്‍ റിഫ്റ്റ, താമരശേരി സ്വദേശിനി  സാറ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജേക്കബ് എന്നിവരാണ് മരിച്ചത്. ആല്‍വിന്‍ കുസാറ്റ് വിദ്യാര്‍ഥിയല്ല. സുഹൃത്തുക്കള്‍ക്കൊപ്പം ക്യാംപസില്‍ എത്തിയതാണ് ആല്‍വിന്‍ . 

ഹാളില്‍ ഗാനസന്ധ്യ ക്രമീകരണത്തില്‍ പാളിച്ച പറ്റിയിട്ടുണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഒരു ഗേറ്റിലൂടെയാണ് അകത്തു പ്രവേശിക്കുന്നതും തിരിച്ചിറങ്ങുന്നതും . ഇതു തന്നെയാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുണ്ടാവുക. മഴ വന്നപ്പോൾ കുട്ടികളുടെ ഐഡി കാർഡ് ചെക്ക് ചെയ്തു ഉള്ളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ തള്ളിക്കയറ്റമുണ്ടായി. തള്ളിക്കയറ്റത്തിനിടെ വീണവരുടെ മുകളിലൂടെയാണു പോകുന്നതെന്നു കുട്ടികൾക്കു മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അത്ര തിരക്കുണ്ടായിരുന്നു. ഹാളിൽ ഉൾക്കൊള്ളാൻ പറ്റുന്നതിൽ അധികം ആളുകളുണ്ടായിരുന്നെന്നും സംഭവസ്ഥലത്തുണ്ടായിരുന്നവര്‍മ മനോരമന്യൂസിനോട് പറഞ്ഞു. 

ഓഡിറ്റോറിയത്തില്‍ അപകടം നടന്ന ശേഷമുള്ള ദൃശ്യങ്ങളും ചങ്കു പിളര്‍ക്കുന്നതായിരുന്നു. ദുരന്തത്തിന്റെ അവശേഷിപ്പുകളെന്നോണം കുട്ടികളുെട ചെരുപ്പുകളും വെള്ളക്കുപ്പികളും അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ടായിരുന്നു. അപകടം നടന്നതിനു പിന്നാലെ ആളുകള്‍ ഓടിക്കൂടി വിദ്യാര്‍ത്ഥികളെ പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചതു മൂലമാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞതെന്നാണ് നിഗമനം. 

 

Cusat stampede; Four deaths and many injuries