വയനാട് എരുമക്കൊല്ലി യു.പി.സ്കൂളിൽ വീണ്ടും കുട്ടികൾ എത്തി. ജീപ്പ് വാടക നൽകാത്തതിനാൽ സർവീസ് നിർത്തിയതോടെ ഇന്നലെ വിദ്യാർഥികൾ ആരും സ്കൂളിൽ എത്തിയിരുന്നില്ല.
അപ്രതീക്ഷിതമായി കിട്ടിയ അവധിക്ക് ശേഷം കൂട്ടുകാരെ കാണാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് കുട്ടികൾ. ജീപ്പ് മാമൻ ഇന്നലെ വരാതിരുന്നതിന്റെ കാരണമൊന്നും ഇവർക്ക് അറിയില്ല. വന്യമൃഗ ശല്യം ഏറെയുള്ള മേഖലയിൽ കുട്ടികളെ സ്കൂളിൽ എത്തിക്കാൻ വാഹനസൗകര്യം ഏർപ്പെടുത്തണമെന്ന് ബാലാവകാശ കമ്മീഷനാണ് ഉത്തരവിറക്കിയത്. വാഹനത്തിന്റെ വാടക കഴിഞ്ഞ അഞ്ചുമാസമായി നൽകാതിരുന്നതോടെ ഇന്നലെ സർവീസ് നടത്തിയില്ല. മാതാപിതാക്കളുടെ പ്രതിഷേധത്തിൽ കുടിശികയുടെ ഒരു ഭാഗം കൊടുത്ത് പഞ്ചായത്ത് അധികൃതർ താൽക്കാലിക പരിഹാരം കണ്ടു. വാഹനം വീണ്ടും ഓടിത്തുടങ്ങി.
എരുമക്കൊല്ലി സ്കൂൾ നിലവിലിരിക്കുന്ന സ്ഥലത്ത് നിന്ന് സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും ബാലാവകാശ കമ്മീഷന്റെ ഉത്തരവുണ്ട്. സ്ഥലം കണ്ടെത്തി, രേഖകൾ കൈമാറി, സർക്കാർ പണവും അനുവദിച്ചു. എന്നാൽ സ്കൂൾ മാറ്റി സ്ഥാപിക്കുന്നതിന് മേപ്പാടി പഞ്ചായത്ത് താൽപര്യം കാണിക്കുന്നില്ല എന്നാണ് ആക്ഷേപം.
Erumakolli up school jeep service