മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ലക്ഷങ്ങള്‍ ചെലവിട്ട് പുതിയ വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നു. 4.52 ലക്ഷം രൂപയ്ക്കാണ് വാട്ടര്‍ ടാങ്ക് നിര്‍മാണത്തിന് പൊതുമരാമത്ത് വകുപ്പ് കരാര്‍ നല്‍കിയിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ തന്നെ ആവര്‍ത്തിച്ച് പറയുന്നതിനിടയിലാണ് പുതിയ നിര്‍മാണം.  

 

ലൈഫ് മിഷന്‍ പദ്ധതിപ്രകാരമുള്ള ഭവന നിര്‍മാണത്തിന് സര്‍ക്കാര്‍ അനുവദിക്കുന്നത് നാല് ലക്ഷം രൂപയാണ്. അതിനേക്കാള്‍ കൂടിയ തുകയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പുതിയ എലവേറ്റഡ് വാട്ടര്‍ ടാങ്കിന്‍റെ നിര്‍മാണത്തിന് ചെലവിടുന്നത്. 5.92 ലക്ഷം രൂപയായിരുന്ന എസ്റ്റിമേറ്റ് തുക. 4.52 ലക്ഷം രൂപയ്ക്ക് കഴിഞ്ഞ നവംബര്‍ 22ന് കരാര്‍ നല്‍കി. വാട്ടര്‍ ടാങ്കിന് പുറമെ, ഓടകളുടെ അറ്റകുറ്റപ്പണിയും കരാറുകാരന്‍ നടത്തണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ ഇത്രയും തുക ഒരു വാട്ടര്‍ ടാങ്ക് നിര്‍മാണത്തിന് ചെലവിടണമോയെന്ന ചോദ്യമാണ് ഉയരുന്നത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന കൂലി മുടങ്ങിയ ആശ തൊഴിലാളികള്‍ തെരുവില്‍ പിച്ചയെടുപ്പ് സമരം നടത്തിയത് കഴിഞ്ഞ ദിവസമാണ്. ക്ഷേമപെന്‍ഷന്‍റെ അഞ്ച് മാസത്തെ കുടിശിക ബാക്കി കിടക്കുന്നു. ഇതിനെല്ലാമിടയിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പണികള്‍ക്ക് തടസ്സമൊന്നുമില്ല. 42.50 ലക്ഷം രൂപ ചെലവിട്ട് ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാനുള്ള തീരുമാനവും 3.72 ലക്ഷം രൂപ ചെലവിട്ട് ചാണകക്കുഴി നിര്‍മിച്ചതുമൊക്കെ നേരത്തെ വിവാദമായിരുന്നു. 

 

 

A new water tank is being constructed at the Chief Minister's residence, Cliff House, at a cost of lakhs