കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ കരാറുകാരുടെ സൂചനാ സമരം. കപ്പല്‍ നിര്‍മാണ, അറ്റകുറ്റപണി മേഖലയിലെ കരാര്‍ തൊഴിലാളികളാണ് ഇന്ന് ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്. കരാര്‍ വ്യവസ്ഥകള്‍ പുതുക്കാനും, കുടിശിക വിതരണം ചെയ്യാനും ഷിപ്പ്യാര്‍ഡ് മാനേജ്മെന്‍റ് ഉടന്‍ തയാറായില്ലെങ്കില്‍ ഫെബ്രുവരി ഒന്ന് മുതല്‍ ജോലിയില്‍ നിന്ന് പൂര്‍ണമായും വിട്ട് നില്‍ക്കാനാണ് കരാറുകാരുടെ സംഘടനയുടെ തീരുമാനം. 

 

കപ്പല്‍ നിര്‍മാണ അറ്റകുറ്റപണി മേഖലയില്‍ ഭൂരിഭാഗം ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്നത് കരാര്‍ തൊഴിലാളികളാണ്. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍റെ സൂചനാ സമരത്തിന്‍റെ  ഭാഗമായി ഇവരെല്ലാം ജോലികള്‍ ബഹിഷ്കരിച്ചത് കപ്പല്‍ ശാലയുടെ പ്രവര്‍ത്തനത്തേയും ബാധിച്ചു. 2018ന് ശേഷം ഒാപ്പണ്‍ കരാര്‍ വിളിച്ചല്ല കപ്പല്‍ശാലയിലെ പ്രവൃത്തികള്‍ നല്‍കുന്നത്. ഇതിനായുണ്ടാക്കി പാനല്‍ വഴിയാണ് പ്രവൃത്തികള്‍ കരാറുകാര്‍ക്ക് നല്‍കുന്നത്. കരാര്‍ വ്യവസ്ഥകള്‍ ഇല്ലാത്തതിനാല്‍ തന്നെ വന്‍ നഷ്ടത്തിലാണ് കരാറുകാര്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. തൊഴിലാളികള്‍ക്കുള്ള വേതന വര്‍ധനയടക്കം കരാറുകാരുടെ നഷ്ടം സഹിച്ച് തന്നെയാണ് നല്‍കി വരുന്നതും.

ഗൈഡന്‍സ് റേറ്റിലടക്കം വര്‍ധന വരുത്താന്‍ കപ്പല്‍ശാല മാനേജ്്മെന്റ് തയാറാകുന്നില്ലെന്നാണ് കരാറുകാരുടെ പരാതി. മുപ്പതും നാല്‍പതും വര്‍ഷത്തിലധികമായി ഷിപ്പ്്യാര്‍ഡിലെ കരാറുകാരാണ് ഇവരില്‍ ഭൂരിഭാഗവും. ഭീമമായ നഷ്ടം സഹിച്ച് ഇനി മുന്നോട്ട് പോകാന്‍ ആകില്ലെന്ന് തന്നെയാണ് ഇവരുടെ നിലപാട്.