ക്രിസ്മസ് ബംപര്‍ ഭാഗ്യവാനെ കണ്ടെത്തിക്കഴിഞ്ഞു. 20 കോടിയാണ് ഒന്നാം സമ്മാനം. പാലക്കാട്ടെ വിന്‍സ്റ്റാര്‍ ഏജന്‍സിയില്‍ നിന്നും സബ് ഏജന്‍റായ ദുരൈരാജ് രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ ടിക്കറ്റിനാണ് സമ്മാനം. നികുതിയും കഴിഞ്ഞ് 12 കോടി 60 ലക്ഷം രൂപ ഒന്നാം സമ്മാന ജേതാവിന് ലഭിക്കും. കഴിഞ്ഞ വര്‍ഷം വരെ ഇത് 16 കോടി രൂപയായിരുന്നു. തമിഴ്നാട് സേലം സ്വദേശിക്ക് നികുതിയും കഴിഞ്ഞ് 10.08 കോടി രൂപയാണ് സമ്മാനമായി ലഭിച്ചത്. 400 രൂപയാണ് ക്രിസ്മസ് ബംപര്‍ ടിക്കറ്റിന്‍റെ വില. 50 ലക്ഷം ടിക്കറ്റ് അടിച്ചതില്‍ 45 ലക്ഷത്തോളം ടിക്കറ്റ് ഇതുവരെ വിറ്റഴിഞ്ഞു. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവുമുയര്‍ന്ന ഒന്നാം സമ്മാനത്തുകയുള്ള ബംപര്‍ ഭാഗ്യവാനെ എങ്ങനെയാണ് നറുക്കെടുത്തത്? എങ്ങനെ സമ്മാനം വിതരണം ചെയ്യും? അറിയാം..
നറുക്കെടുപ്പ് ഇങ്ങനെ...
നറുക്കെടുപ്പിലേക്കായി ഏഴ് വിവിധ നിറങ്ങളോടുകൂടിയ ഡ്രമ്മുകളും, ഡ്രമ്മിന്റെ അതെ നിറത്തോട് കൂടിയ പ്ലാസ്റ്റിക് പേഴ്സുകളും ടോക്കണുകളുമാണ് ഉപയോഗിക്കുന്നത്.ആദ്യത്തെ ഡ്രം സീരിസിനെയും തുടര്‍ന്നുള്ളവ ലക്ഷം മുതല്‍ ഒറ്റ വരെയുള്ള സ്ഥാനങ്ങളെയും കുറിക്കുന്നു.
സീരിസിനെ കാണിക്കുന്ന ആദ്യത്തെ ഡ്രമ്മില്‍ ,നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വിവിധ പരമ്പരകള്‍ ഓരോ ടോക്കണില്‍ ആലേഖനം ചെയ്തത് പ്ലാസ്റ്റിക് പേഴ്സിനുള്ളിലാക്കി നിക്ഷേപിക്കുന്നു.അടുത്തതായി രണ്ടാമത് കാണുന്ന ലക്ഷത്തിന്റെ സ്ഥാനത്തെ പ്രതിനിധാനം ചെയുന്ന ഡ്രമ്മാണ് .ഈ ഡ്രമ്മില്‍ നറുക്കെടുക്കുന്ന ലോട്ടറിക്ക് അച്ചടിച്ച ടിക്കറ്റുകളുടെ ആരംഭ അക്കവും ,അവസാന അക്കവും കണക്കിലെടുത്ത് ടോക്കണടങ്ങിയ പേഴ്സുകള്‍ നിക്ഷേപിക്കുന്നു. ഉദാ:1 ലക്ഷം മുതല്‍ 499999 വരെയുള്ള ടിക്കറ്റുകളാണ് ഓരോ പരമ്പരയിലും അച്ചടിച്ചിട്ടുള്ളതെങ്കില്‍ 1 ,2 ,3 , 4 എന്നീ ടോക്കണുകള്‍ പ്ലാസ്റ്റിക് പേഴ്സിലാക്കി നിക്ഷേപിക്കുന്നു.തുടര്‍ന്നുള്ള ഡ്രമ്മുകളില്‍ 1മുതല്‍ 9 വരെയും പൂജ്യവും ഉള്‍പ്പെടെയുള്ള അക്കങ്ങള്‍ ആലേഖനം ചെയ്ത ടോക്കണുകള്‍ പ്രത്യേകം പ്ലാസ്റ്റിക് പേഴ്സിലാക്കി നിക്ഷേപിക്കുന്നു.ഇപ്പോള്‍ ഡ്രമ്മുകളെല്ലാം നറുക്കെടുപ്പിന് സജ്ജമായി കഴിഞ്ഞു .
നറുക്കെടുപ്പ് കമ്മിറ്റി അംഗങ്ങള്‍, നറുക്കെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നറുക്കെടുക്കുന്ന ഭാഗ്യക്കുറിയില്‍ വില്‍പ്പന നടത്തിയതും ,വില്‍ക്കാത്തതുമായ ടിക്കറ്റുകളുടെ വിശദാംശം പരിശോധനയ്ക്ക് നല്‍കും. നറുക്കെടുപ്പ് ഡ്രമ്മുകളില്‍ ടോക്കണ്‍ നിറഞ്ഞു കഴിഞ്ഞാല്‍ ,നറുക്കെടുപ്പ് ചുമതലയുള്ള ജീവനക്കാര്‍ ഓരോ ഡ്രമ്മിന്റെയും ഹാന്‍ഡില്‍ പിടിച്ചു വേഗത്തില്‍ തിരിക്കുമ്പോള്‍ ഡ്രമ്മിനുള്ളില്‍ നിക്ഷേപിച്ചിട്ടുള്ള പ്ലാസ്റ്റിക് പേഴ്സുകള്‍ നല്ലവണ്ണം ഇളകി ഇടകലരുന്നു. തുടര്‍ന്ന് നറുക്കെടുപ്പ് സമിതിയുടെ ചെയര്‍മാന്‍ ഓരോ ഡ്രമ്മില്‍ നിന്നും ഓരോ ടോക്കണ്‍ എടുത്ത് ഒന്നാം സമ്മാനം നിശ്ചയിക്കുന്നു.ഓരോ ടോക്കണും എടുത്ത് കഴിഞ്ഞാല്‍ അത് പൊതു ജനങ്ങളെ നേരിട്ട് കാണിക്കുകയും നമ്പറുകള്‍ വേദിയുടെ അഭിമുഖമായി സ്ഥാപിച്ചിട്ടുള്ള കറുത്ത ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയുന്നു. ഇതേ രീതിയില്‍ തുടര്‍ന്നുള്ള മുഴുവന്‍ സമ്മാന നമ്പരുകളും നറുക്കെടുക്കുന്നു. ഇത്തരത്തില്‍ നറുക്കെടുക്കുമ്പോള്‍ അച്ചടിക്കാത്തതോ ,വില്‍പ്പന നടത്താത്തതോ ആയ ടിക്കറ്റുകള്‍ക്കും നറുക്ക് വീഴുന്നതാണ്. അപ്രകാരം സംഭവിക്കുകയാണെങ്കില്‍ ആ നമ്പര്‍ അപ്പോള്‍ തന്നെ റദ്ദു ചെയ്ത് വില്‍പ്പന നടത്തിയ ടിക്കറ്റിനു സമ്മാനം ലഭിക്കുന്നത് വരെ നറുക്കെടുപ്പ് ആവര്‍ത്തിക്കുന്നു. നറുക്കെടുക്കുന്ന ഓരോ നമ്പറും സമ്മാന രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും നറുക്കെടുപ്പ് സമിതിയംഗങ്ങളെ കൊണ്ട് സാക്ഷ്യപ്പെടുത്തുകയും ചെയ്യും.
നറുക്കെടുപ്പ് സമിതി അംഗങ്ങള്‍ എല്ലാം നറുക്കെടുപ്പ് കഴിഞ്ഞാല്‍ നറുക്കെടുപ്പ് കാണാനെത്തിയ പൊതുജനങ്ങളില്‍ ആര്‍ക്ക് വേണമെങ്കിലും ശേഷിക്കുന്ന സമ്മാന നമ്പറുകള്‍ നറുക്കെടുക്കാവുന്നതാണ്. ഇനി സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് ഒന്നിലധികം പേര്‍ ചേര്‍ന്നെടുത്തതാണെങ്കില്‍ എന്ത് ചെയ്യും?
രണ്ടു തരത്തിലാണ് ഇങ്ങനെ വരുമ്പോള്‍ പണം കൈമാറുന്നത്.
1. ലോട്ടറിയടിച്ചവര്‍ ചേര്‍ന്ന് ജോയിന്‍റ് അക്കൗണ്ട് തുടങ്ങുക, ടിക്കറ്റ് കൈമാറുമ്പോള്‍ ഈ അക്കൗണ്ടിലേക്ക് പണം ലഭിക്കും.
2. ലോട്ടറിയടിച്ചവര്‍ തമ്മില്‍ ധാരണയിലെത്തി ഒരാളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങുക. പിന്നീട് മുന്‍ധാരണയനുസരിച്ച് തുക വീതം വച്ചെടുക്കുക.രണ്ടായാലും ഭാഗ്യക്കുറി വകുപ്പിനെ സംബന്ധിച്ച് മുന്നില്‍ ഉള്ളത് ഒരു ടിക്കറ്റ് മാത്രമാണ്. പലര്‍ ചേര്‍ന്ന് ലോട്ടറി വാങ്ങുന്നതും സമ്മാനം കിട്ടിയാല്‍ അവര്‍ തമ്മില്‍ വീതം വയ്ക്കുന്നതും ഒന്നും ഭാഗ്യക്കുറിവകുപ്പിന് തലവേദനയായി മാറില്ല.
എന്നാല്‍ ഇപ്പോള്‍ ഭാഗ്യക്കുറി വകുപ്പ് ഇക്കാര്യത്തില്‍ ഇളവ് നല്‍കുന്നുണ്ട്. പലര്‍ ചേര്‍ന്ന് വാങ്ങിയ ലോട്ടറിയാണെങ്കില്‍ സമ്മാനത്തുക ഏതുതരത്തില്‍ വീതിച്ചു കൊടുക്കണം എന്ന് ഭാഗ്യക്കുറി വകുപ്പിന് രേഖാമൂലം നല്‍കിയാല്‍ അതനുസരിച്ച് എല്ലാവരുടെയും അക്കൗണ്ടിലേക്ക് പണം വീതിച്ച് നല്‍കും. അതായത് സംഘം ചേര്‍ന്ന് ലോട്ടറി വാങ്ങുമ്പോള്‍ സമ്മാനം കിട്ടിയാല്‍ ഒന്നുകില്‍ ജോയിന്റ് ബാങ്ക് അക്കൗണ്ട് എടുക്കുക അല്ലെങ്കില്‍ വീതംവയ്പ്പ് ലോട്ടറിവകുപ്പിനെ ഏല്‍പ്പിക്കുക. ചുമതല ലോട്ടറി വകുപ്പിനെ ഏല്‍പ്പിക്കുമ്പോള്‍ സംഘത്തിലുള്ള എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പുവരുത്തണം.
Kerala Christmas bumper lottery results today