കോടിപതിയായെങ്കിലും സാധാരണക്കാരനെ പോലെ തന്നെ ജീവിക്കാനാണ് ബംപര്‍ ജേതാവ് ദിനേശ് കുമാറിന്‍റെ തീരുമാനം. ലോട്ടറി വാങ്ങിയ കൊല്ലത്തെ ഏജന്‍സിയിലെത്തിയപ്പോഴാണ് ദിനേശ് കുമാര്‍ മനസു തുറന്നത്. പണം എങ്ങനെ നിക്ഷേപിക്കണമെന്നും ആര്‍ക്കൊക്കെ സഹായം ചെയ്യണമെന്നതിലും കൃത്യമായ ധാരണയുണ്ട്.
Also Read: ദിനേശ് കുമാറിന് ബംപര്‍ സമ്മാനത്തിനൊപ്പം ഒരുകോടി രൂപ അധികം ലഭിക്കും; കാരണമിങ്ങനെ
ഫാമും ചില ചെറുകിട ബിസിനസുകളുമാണ് ദിനേശ് കുമാറിന്‍റെ നിത്യവൃത്തിക്ക് അടിസ്ഥാനം. ബിസിനസിന്‍റെ ഭാഗമായി പണം കൈകാര്യം ചെയ്യുന്നതില്‍ ഒരു ചിട്ടയുണ്ട് . അതുകൊണ്ട് ഇത്രവലിയ തുക കയ്യില്‍ വന്നാലും എങ്ങനെ വിനിയോഗിക്കണം എന്നതില്‍ സംശയങ്ങള്‍ ഒന്നുമില്ല. ജീവിതം പഴയതുപോലെ തന്നെയായിരിക്കുമെന്നും ദിനേശ് കുമാര്‍ പറഞ്ഞു.
ബംപറില്‍ കിട്ടിയ പണത്തിലൊരു ഭാഗം ബാങ്കില്‍ സുരക്ഷിതമായി നിക്ഷേപിക്കും. ബാക്കി അര്‍ഹരായര്‍ക്ക് സഹായം ചെയ്യാന്‍ വിനിയോഗിക്കും. ഭവനരഹിതര്‍ക്ക് 'വീടുവെച്ചു നല്‍കാന്‍ സര്‍ക്കാരുണ്ട്. ചികിത്സാ സഹായം നല്‍കാന്‍ സന്നദ്ധ സംഘടനകളുണ്ട്. ശുദ്ധരായതു കൊണ്ടുമാത്രം സാമ്പത്തികമായി പറ്റിക്കപ്പെട്ട ഒട്ടേറെപ്പേര്‍ ഈനാട്ടിലുണ്ട്. കിടപ്പാടം നഷ്ടപ്പെട്ടവരുണ്ട്. അവരെ സഹായിക്കണം' അതാണ് ലക്ഷ്യമെന്നാണ് ദിനേശ് കുമാര്‍ പറഞ്ഞത്. തനിക്ക് സമ്മാനം കിട്ടിയാല്‍ അത് പ്രയോജനപ്പെടുമെന്ന് സുഹൃത്തുക്കള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
Also Read: സ്ഥിരമായി ബംപര്‍ എടുക്കും; 2019 തില്‍ ഒറ്റ നമ്പറിന് ഭാഗ്യം പോയി; ഇതാ കോടീശ്വരന്‍
ലോട്ടറിയെടുത്തവര്‍ക്ക് ചില ഉപദേശങ്ങളും ദിനേശ് കുമാര്‍ നല്‍കുന്നുണ്ട്. ലോട്ടറിയെടുത്താലേ അടിക്കുകയുള്ളൂ. ഒന്നു രണ്ടു തവണ ചെറിയ തുക അടിച്ചാല്‍ പിന്മാറരുത്. തുടര്‍ന്നും ലോട്ടറി വാങ്ങണമെന്ന് ദിനേശ് കുമാര്‍ നിര്‍ദേശിക്കുന്നു.
കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശിയാണ് ദിനേശ് കുമാര്‍. 12 കോടി രൂപയുടെ സമ്മാനമാണെങ്കിലും നികുതികള്‍ കിഴിച്ച് ആറു കോടി 18 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ദിനേശ് കുമാറിന് ലഭിക്കുക. ടിക്കറ്റ് എടുത്തത് ഏജന്‍സി വ്യവസ്ഥയിലായതിനാല്‍ കമ്മിഷനയി 1.20 കോടി രൂപയും ദിനേശ് കുമാറിന് ലഭിക്കും.