എല്‍.ഡി.എഫ് ഭരിക്കുന്ന കോഴിക്കോട് കൊടുവള്ളി സഹകരണ ബാങ്ക് അനധികൃതമായി നിര്‍മിച്ച ഓഡിറ്റോറിയം പൊളിച്ചുനീക്കാന്‍ നഗരസഭയുടെ ഉത്തരവ്. പൊളിച്ചുനീക്കിയില്ലെങ്കില്‍ വന്‍തുക പിഴയടച്ച് ക്രമവത്കരിക്കണം. പാര്‍ക്കിങ് ക്രമവത്കരിക്കാന്‍ മാത്രം 22 ലക്ഷം രൂപയാകും. നോട്ടീസ് നല്‍കി നാലുമാസം കഴിഞ്ഞിട്ടും ബാങ്ക് നടപടിയെടുത്തിട്ടില്ലെന്ന് മാത്രമല്ല യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയ്ക്കും അനക്കമില്ല. നാല് വര്‍ഷം മുന്‍പും നഗരസഭ ബാങ്കിന് സമാന നോട്ടീസ് നല്‍കിയിരുന്നു.
2019ലാണ് നഗരസഭയുടെ അനുമതിയില്ലാതെ ബാങ്ക് സ്വന്തം കെട്ടിടത്തില്‍ മൂന്നാംനിലയായി ഓഡിറ്റോറിയം നിര്‍മിച്ചത്. അതിനാല്‍ കെട്ടിടനമ്പറില്ല. കെട്ടിടത്തിന്‍റെ വിസ്തീര്‍ണമനുസരിച്ച് 19 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലം വേണമെന്നാണ് ചട്ടം, എന്നാല്‍ 10 എണ്ണത്തിനുള്ള സൗകര്യമേയുള്ളു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെട്ടിടം പൊളിച്ചുമാറ്റുകയോ അല്ലെങ്കില്‍ പണമടച്ച് ക്രമവത്കരിക്കുകയോ ചെയ്യണമെന്ന് നഗരസഭ ഉത്തരവിട്ടത്. 2019ല്‍ തന്നെ ഇതേ ആവശ്യങ്ങളുന്നയിച്ച് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. അന്നും ഒടുവില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നല്‍കിയ നോട്ടീസിലും ബാങ്ക് നടപടിയെടുത്തിട്ടില്ല. ഓരോ കാര്‍ പാര്‍ക്കിങിനും രണ്ടര ലക്ഷം രൂപ വീതം 9 കാറുകള്‍ക്കായി ആകെ 22.5 ലക്ഷം രൂപ പിഴയൊടുക്കണം. ഇതിനുപുറമേ നഗരസഭ നിശ്ചയിക്കുന്ന തുകയും അടയ്ക്കണം.
കെട്ടിടം ക്രമവത്കരിക്കാന്‍ ബാങ്കിന് ലക്ഷങ്ങള്‍ ചെലവാകും. അപേക്ഷ നഗരസഭ തള്ളിയാല്‍ കെട്ടിടം പൊളിക്കേണ്ടതായും വരും. വിമര്‍ശനം നേരിടേണ്ടിവരുമെന്നതിനാല്‍ നോട്ടീസിന്‍റെ കാര്യം ബാങ്ക് ഭരണസമിതി ഓഹരിഉടമകളെ അറിയിച്ചിട്ടില്ല. ഇത്രനാളായിട്ടും ഉത്തരവില്‍ തുടര്‍നടപടിയെടുക്കാത്തിനുപിന്നില്‍ ബാങ്കും നഗരസഭാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്നും ആക്ഷേപമുണ്ട്. നഗരസഭ നടപടിയെടുക്കാത്തത് സി.എ.ജി റിപ്പോര്‍ട്ടിലും പരാമര്‍ശിച്ചിരുന്നു. അതേസമയം ബാങ്കിന്‍റെ ഭാഗത്ത് വീഴ്ചയില്ലെന്നും നോട്ടീസിന് മറുപടി നല്‍കിയിട്ടുണ്ടെന്നുമാണ് ബാങ്ക് പ്രസിഡന്‍റിന്‍റെ വിശദീകരണം.
The municipal corporation ordered to demolish the auditorium illegally constructed by the Co-operative Bank.