cpi-pinarayi-2

 

സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം. സംസ്ഥാന ബജറ്റിൽ സപ്ലൈകോയെ അവഗണിച്ചതിന്‍റെയും ക്ലിഫ് ഹൗസിലെ തൊഴുത്തിന്‍റെയും പേരിലാണ് വിമർശനം. വിദേശ സർവകലാശാലകൾക്കെതിരെയും രൂക്ഷമായ വിമർശനമാണ് ഉയർന്നത്. വിമർശനം കടുത്തതോടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെട്ടു. സംസ്ഥാന കൗൺസിൽ യോഗം ഇന്നവസാനിക്കും .

 

ബജറ്റിൽ സിപിഐ വകുപ്പുകൾ നേരിട്ട അവഗണനക്കെതിരെയാണ് സംസ്ഥാന കൗൺസിലിൽ വിമർശനം കടുത്തത്. സർക്കാരിന് മുൻഗണനകള്‍ ഇല്ലെന്നും വീണ്ടും അധികാരത്തിൽ വരാൻ സഹായിച്ച സപ്ലൈകോയെ മറന്നെന്നും വിമർശനം ഉണ്ടായി. ആലോചന ഇല്ലാതെ തയാറാക്കിയ ബജറ്റ് ആണിത്. മുമ്പൊക്കെ കൂടിയാലോചനകൾ നടന്നിരുന്നു. ഭക്ഷ്യ മന്ത്രി ജി ആർ അനിലിന്‍റെ ഭാര്യ കൂടിയായ ആർ. ലതാ ദേവി സപ്ലൈകോ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെയാണ് തിരിഞ്ഞത്. മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യ മന്ത്രിയുടെ കൈ തെളിഞ്ഞു എന്നായിരുന്നു ആർ. ലതാദേവിയുടെ പരിഹാസം. പ്രതിസന്ധി ഉണ്ടെങ്കിലും ആഡംബരത്തിനും ധൂർത്തിനും കുറവില്ലെന്നും വിമർശനം ഉയർന്നു. 

 

മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടു കേൾക്കുന്നതിനും കോടികൾ ചിലവിടുന്നെന്ന് വിപി ഉണ്ണികൃഷ്ണൻ വിമർശിച്ചു. വിമർശനം കടുത്തതോടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപ്പെട്ടു. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒന്നും പുറത്തു പോകരുത് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ നിർദ്ദേശം. പറയേണ്ട വേദികളിൽ കാര്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അനാവശ്യ ചർച്ചയിലേക്ക് പോകരുതെന്നും സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നൽകി. ബജറ്റിൽ പ്രഖ്യാപിച്ച വിദേശ സർവകലാശാലകൾ മുന്നണിയുടെ നയ വ്യതിയാനമാണെന്നും വിമർശനം ഉയർന്നു. വിദേശ സർവകലാശാലകളെ എതിർത്ത് ലേഖനം എഴുതിയവർ ഇപ്പോൾ അത് നടപ്പിലാക്കുകയാണ്. വിഷയം മുന്നണിയിൽ ഉന്നയിക്കണമെന്ന് സംസ്ഥാന കൗൺസിൽ ഉയർന്ന നിർദ്ദേശം ബിനോയ് വിശ്വം അംഗീകരിച്ചു.