സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സർവം പിണറായി മയമായെന്ന് വിമർശനം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് സമ്മേളനത്തിൽ കാര്യമായ റോളില്ലാതെ വന്നതിൽ ഒരു വിഭാഗം പ്രതിനിധികൾ അമർഷത്തിലാണ്. പ്രതിനിധി സമ്മേളനവും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്തതും ചർച്ചയ്ക്ക് മറുപടി പറഞ്ഞതും പിണറായി തന്നെയാണ്.
മൂന്നു ദിവസം നീണ്ട സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഴുവൻ സമയവും പങ്കെടുത്തിരുന്നു. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് രണ്ടു മണിക്കൂറോളം പ്രസംഗിച്ച പിണറായി അതിനു ശേഷം അതിനു ശേഷം അരമണിക്കൂർ പ്രതിനിധികളോടും മാത്രമായി സംസാരിച്ചു. ഇതാണ് ചർച്ചയിൽ കാര്യമായ വിമർശനത്തിന് കാരണമാകാത്തതിന് കാരണമായി പറയപ്പെടുന്നത്. ചർച്ചയുടെ രീതി എങ്ങനെയായിരിക്കണമെന്ന സന്ദേശവും ഈ പ്രസംഗത്തിൽ ഉണ്ടായിരുന്നു. സമ്മേളനത്തിൽ സമ്പൂർണമായി ഇടപെട്ടതും മുഖ്യമന്ത്രി മാത്രമാണ് .
ചർച്ചയ്ക്ക് പിണറായി വിജയൻ മറുപടി പറഞ്ഞതും രണ്ടു മണിക്കൂറോളമെടുത്താണ്. മുഖ്യമന്ത്രിയും ജില്ലാ സെക്രട്ടറിയും മാത്രമാണ് മറുപടി പറഞ്ഞത്. പാർട്ടിയെ സംബന്ധിച്ച കാര്യങ്ങൾക്കും മറുപടി നൽകാൻ എം വി ഗോവിന്ദന് അവസരം കിട്ടിയില്ല. സമാപന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്തത് പിണറായി വിജയനാണ്. സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം എം വി ഗോവിന്ദൻ നടത്തുമെന്ന് നോട്ടീസിൽ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം എത്തിയില്ല. മുഖ്യമന്ത്രിയുടെ പ്രസംഗം തീർന്ന ഉടൻ പ്രവർത്തകരിൽ ഭൂരിപക്ഷവും മടങ്ങുകയും ചെയ്തു.
സംസ്ഥാന സെക്രട്ടറിയെ നോക്കുകുത്തിയാക്കിയെന്നാണ് പ്രധാന വിമർശനം. എംവി ഗോവിന്ദനെ അവഗണിച്ചതിൻ പ്രതിനിധികൾക്കിടയിൽ അമർഷമുണ്ട്. അവർ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഒരു സെമിനാറിൽ മാത്രമാണ് എം വി ഗോവിന്ദൻ പ്രസംഗിച്ചത്. സംസ്ഥാന സെക്രട്ടറിയെ അവഗണിച്ചു എന്ന ആക്ഷേപം ശരിയല്ലെന്നും പാർട്ടിയുടെ കൂട്ടായ നേതൃത്വം ആണ് സമ്മേളനം നിയന്ത്രിക്കുന്നത് എന്നുമാണ് ഔദ്യോഗിക വിശദീകരണം.