aadarharis

മലപ്പുറം തിരൂരിലെ അക്ഷയ കേന്ദ്രത്തിലെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞു കയറി 38 ആധാര്‍ കാര്‍ഡുകള്‍ നിർമിച്ച കേസില്‍ നിസഹായരാണന്ന് കേന്ദ്രം നടത്തിപ്പുകാര്‍. സൈബര്‍ ക്രൈം വിഭാഗവും വിവിധ രഹസ്യാന്വേഷണ ഏജന്‍സികളും കേസില്‍ അന്വേഷണം തുടരുകയാണ്. അക്ഷയകേന്ദ്രം നടത്തുന്ന ഹാരിസ് ഖാന്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. 

 

തിരൂരിനടുത്ത തൃപ്രങ്ങോട് ആലിങ്ങലിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലേക്ക് വ്യാജ ആധാര്‍ കാര്‍ഡുകളുടെ വിവരങ്ങള്‍ ചോദിച്ച് ഇമെയില്‍ വന്നപ്പോഴാണ് വിഷയത്തിന്‍റെ ഗൗരവം നടത്തിപ്പുകാര്‍  മനസിലാക്കുന്നത്. ജില്ലയില്‍ തന്നെ ഏറ്റവും തിരക്കേറിയ അക്ഷയകേന്ദ്രം എന്ന നിലയ്ക്കാവാം പശ്ചിമബംഗാള്‍ അതിര്‍ത്തി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യാജ കാര്‍ഡുകള്‍ നിര്‍മിക്കുന്ന സംഘം ബന്ധപ്പെട്ടതെന്നാണ് നിഗമനം. യുഐഡി അഡ്മിൻ ആണെന്നു പരിചയപ്പെടുത്തിയാണ് ആലിങ്ങലിലെ അക്ഷയ കേന്ദ്രത്തിലേക്ക് ആദ്യ ഫോണ്‍ വിളി എത്തുന്നത്. വെരിഫിക്കേഷൻ നടത്താൻ എനിഡെസ്ക് എന്ന സോഫ്റ്റ്‍വെയറുമായി അക്ഷയ കേന്ദ്രത്തിലെ കംപ്യൂട്ടര്‍ സംവിധാനത്തെ ബന്ധിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. എനിഡെസ്ക്കുമായി ബന്ധിപ്പിച്ചതോടെ ബംഗാളില്‍ ഇരുന്ന് 38 വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ചുവെന്നാണ് നിഗമനം.

 

രാജ്യത്ത് വിലാസമില്ലാത്തവർക്കു വേണ്ടിയാണ് വ്യാജ ആധാര്‍ നിര്‍മിച്ചതെന്ന് സൂചനകളുണ്ട്. ആലിങ്ങൽ അക്ഷയ കേന്ദ്രത്തിൽ നിന്ന് സംഘം എൻറോൾ ചെയ്ത 38 ആധാറുകളും റദ്ദ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മറ്റേതെങ്കിലും അക്ഷയ കേന്ദ്രം വഴി സമാനമായ രീതിയില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.