ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരെ കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട്. ഗവര്‍ണറുടെ നിര്‍ദേശം വകവെക്കാതെ സെനറ്റ് യോഗത്തിന്‍റെ അധ്യക്ഷസ്ഥാനം മന്ത്രി കൈയ്യടക്കി എന്നും അജന്‍ഡയിലില്ലാത്ത പ്രമേയം പാസാക്കാന്‍കൂട്ടു നിന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ സര്‍വ്വാധികാരിയായി ആരെയും നിയമിച്ചിട്ടില്ല എന്ന് മന്ത്രി ആര്‍.ബിന്ദു തിരുവനന്തപുരത്ത് പറഞ്ഞു.
വി.സി നിയമന സര്‍ച്ച് കമ്മറ്റിയിലേക്ക് നോമിനിയെ നല്‍കുക എന്നതായിരുന്നു 14ാം തീയതി ചേര്‍ന്ന സെനറ്റ് യോഗത്തിന്‍റെ ഒരേഒരു അജന്‍ഡ. എന്നാല്‍ അജന്‍ഡയില്‍ ഇല്ലാത്ത പ്രമേയം പാസാക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ഒത്താശചെയ്തു എന്ന് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് പറയുന്നു. സെനറ്റ് യോഗം ചേര്‍ന്നതു തന്നെ തെറ്റാണെന്ന് പറയുന്ന പ്രമേയമാണ് ഇടത് അംഗങ്ങള്‍ കൊണ്ടുവന്നതും പാസാക്കിയതും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടത് അംഗങ്ങള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ചു .
ഗവര്‍ണറുടെ നിര്‍ദേശത്തിന് വിരുദ്ധമായി മന്ത്രി യോഗത്തിന്‍റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. വിസിയോട് അധ്യക്ഷ സ്ഥാനം വഹിക്കാനായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. കേരള സര്‍വകലാശാല വിസി രാജ്ഭവനില്‍നേരിട്ടെത്തിയാണ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. എന്നാല്‍ സര്‍വകലാശാല ചട്ടത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഗവര്‍ണര്‍പറയുന്നത് വിസി ആവര്‍ത്തിക്കുകയാണ്. വിസിയുടെ നിര്‍ദ്ദേശ പ്രകാരമാണോ പ്രോ ചാന്‍സലറായ താന്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി ചോദിച്ചു.
വിസിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ എന്തു നടപടി എടുക്കുമെന്നതാണ് നിര്‍ണായകമാകുക. ഇടത് അംഗങ്ങള്‍ക്കൊപ്പം സര്‍ക്കാരും കോടതിയെ സമീപിക്കാനാണ് സാധ്യത.
Kerala University Vice Chancellor Report Against Minister R Bindu