fire

 

 

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ തീപിടിത്തങ്ങളില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. കോഴിക്കോട് താമരശേരിയില്‍ കടകളും തൃശൂരില്‍ ഫർണീച്ചർ നിർമാണ യൂണിറ്റുമാണ് കത്തിനശിച്ചത്. മലപ്പുറത്ത് മാലിന്യസംഭരണ കേന്ദ്രത്തിനും നാദാപുരത്ത് വീടിനും തീപിടിച്ചു.

 

താമരശേരിയില്‍ ദേശീയപാതയോരത്ത് പഴയ ബസ് സ്റ്റാന്‍ഡിന് മുന്നിലെ ഓടുമേഞ്ഞ കെട്ടിടത്തിലാണ്  രാത്രി പന്ത്രണ്ടരയോടെ തീപടർന്നത്. മൂന്നു കടകൾ പൂർണമായും കത്തിനശിച്ചു. അഗ്നിരക്ഷാ സേനയും പോലീസും ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. സമീപ കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ കൂടുതൽ നാശം ഒഴിവായി. ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.  30 ലക്ഷം രൂപയുടെ നാശം കണക്കാക്കുന്നു. 

 

പുലർച്ചെ മൂന്നു മണിക്കാണ് തൃശൂർ ചെവ്വൂരിലെ ഫർണീച്ചർ നിർമാണ യൂണിറ്റിൽ തീപിടിച്ചത്. ഒട്ടേറെ ഫർണീച്ചറുകളും യന്ത്രങ്ങളും കത്തിനശിച്ചു. അഗ്നിരക്ഷ സേന മൂന്നു മണിക്കൂറെടുത്താണ് തീ അണച്ചത്. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

 

പുലർച്ചെ രണ്ടരയോടെയാണ് മലപ്പുറം തേഞ്ഞിപ്പലം കാരിമഠം വ്യവസായകേന്ദ്രത്തിലെ മാലിന്യസംഭരണ കേന്ദ്രത്തിലെ അഗ്നിബാധ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. പരിസരത്ത് ഒട്ടേറെ വീടുകളുള്ള ഭാഗത്താണ് പ്ലാസ്റ്റിക് കൂമ്പാരത്തിന് തീപിടിച്ചത്. പ്ലാസ്റ്റിക പുക ശ്വസിച്ച് ആരോഗ്യപ്രശ്നമുണ്ടായവര്‍ക്ക് ചികിത്സ നൽകി. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകൾ ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. 

 

 

നാദാപുരത്ത് പേരോട് പാറക്കടവ് റോഡിൽ  നീർക്കരിമ്പിൽ അഷ്റഫിന്‍റെ വീടിനാണ് രാത്രി ഒൻപതരയോടെ തീ പിടിച്ചത്. മുകളിലത്തെ ‌നിലയിൽ തീ പടരുന്നതുകണ്ട് വീട്ടിലുള്ളവർ ഓടി പുറത്തിറങ്ങിയതിനാല്‍  ആളപായം ഒഴിവായി.  ഇരുനില വീടിന്റെ മുകൾനിലയിലെ സാധനങ്ങളും ഓടുമേഞ്ഞ മേൽക്കൂരയുമുൾപ്പെടെ കത്തിനശിച്ചു.