ഒഡീഷ സ്വദേശിയുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട ടിടിഇ വിനോദ് ഒരു നല്ല നടനും ഒരു നല്ല മനുഷ്യനുമായിരുന്നെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. മോഹന്‍ലാല്‍ ചിത്രങ്ങളിലടക്കം വിനോദ് മുഖം കാണിച്ചിട്ടുണ്ട്. നല്ല നിലാവുള്ള രാത്രി എന്ന സിനിമയില്‍ വളരെ ചെറിയ കഥാപാത്രമാണെങ്കിലും അത് മനോഹരമായി ചെയ്തായാളാണ് ടിടിഇ വിനോദ് എന്ന് സാന്ദ്ര പറയുന്നു. ഇത്രയും നല്ലൊരു മനുഷ്യന് ഇത്രയും ദാരുണമായ ഒരു മരണം സംഭവിച്ചത് ഒട്ടും സഹിക്കാന്‍ വയ്യാത്തതാണ്. രണ്ടു മാസങ്ങള്‍ക്കു മുന്‍പ് തന്റെ പപ്പയ്ക്ക് യാത്രയുമായി ബന്ധപ്പെട്ട് ആവശ്യം വന്നപ്പോള്‍ സഹായിച്ചതും ഭക്ഷണം വരെ വാങ്ങി നല്‍കിയതും സാന്ദ്ര ഓര്‍ത്തെടുത്തു.

 

ഇന്നലെ ടിവിയില്‍ വാര്‍ത്ത കണ്ടപ്പോള്‍ തീര്‍ത്തും ഷോക്ക്ഡ് ആയിപ്പോയെന്നും കഴിഞ്ഞ തവണ കണ്ടപ്പോഴും അടുത്ത പടത്തില്‍ വിളിക്കണം എന്നു പറഞ്ഞാണ് പിരിഞ്ഞതെന്നും സാന്ദ്രാ തോമസ് പറയുന്നു. വലിയ അഭിനയമോഹമുള്ള വ്യക്തിയായിരുന്നു വിനോദ്. ആഷിഖ് അബുവിന്റെ സഹപാഠി കൂടിയായ വിനോദ് മഞ്ഞുമ്മല്‍ സ്വദേശിയാണ്.  ജോലിയുടെ  മികവിന് റെയില്‍വേയുടെ അംഗീകാരവും ടിടിഇ വിനോദിന് ലഭിച്ചിട്ടുണ്ട്. 

 

 ഇന്നലെ രാത്രി ഏഴരയോടെയാണ് മുളങ്കുന്നത്തുകാവ് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനു താഴെയുള്ള ട്രാക്കില്‍വെച്ച് സംഭവം ഉണ്ടായത്. എറണാകുളത്തു നിന്നും പാറ്റ്നയിലേക്കുള്ള ട്രെയിനിലെ ടിടിഇയെ ആണ് പിടിച്ചുതള്ളി കൊലപ്പെടുത്തിയത്.  മദ്യപിച്ച് ലക്കുകെട്ട പ്രതി യാത്രക്കാരോടെല്ലാം മോശമായാണ് പെരുമാറിയിരുന്നത്. ഇതും ടിടിഇ ചോദ്യം ചെയ്തിരുന്നു. ഒപ്പം ടിക്കറ്റ് ചോദിക്കുകയും അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിടാനായി രജനീകാന്തിനെ ഡോറിനടുത്തേക്ക് കൊണ്ടു നിര്‍ത്തുകയും ചെയ്തു. ഇതോടെ പ്രതി വീണ്ടും പ്രകോപിതനായി ടിടിഇയെ ഒറ്റത്തള്ളിന് പുറത്തേക്ക് വീഴ്ത്തി. ടിടിഇ അടുത്ത ട്രാക്കിലേക്ക് വീഴുകയും പിന്നാലെ വന്ന ട്രെയിനടിയില്‍പ്പെട്ട് മരിക്കുകയുമായിരുന്നു. 

 

Actress Sandra Thomas talks about TTE Vinod