തൃശൂരിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഒല്ലൂരിൽ ഡി കെ ശിവകുമാർ പങ്കെടുക്കുന്ന പ്രചരണ പരിപാടിക്കിടെയാണ് കൊടി തോരണങ്ങൾ നീക്കാൻ ആവശ്യപ്പെട്ടതിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.
ഒല്ലൂർ സെന്ററിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച കൊടിതോരണങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. നീക്കം ചെയ്യാനത്തിയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കു നേരെ പ്രവർത്തകർ മുദ്യാവാക്യം വിളിച്ചു, സ്വമേധയ നീക്കം ചെയ്യാമെന്ന് ഉദ്യോഗസ്ഥരെ നേരത്തെ അറിയിച്ചിരുന്നെന്നും തിരക്കിട്ട് ഉദ്യോഗസ്ഥരെത്തിയത് എൽ ഡി എഫ് നേതാക്കളുടെ നിർദേശ പ്രകാരമാണെന്നുമായിരുന്നു ആരോപണം. ടി എൻ പ്രതാപൻ എം പി ഇടപെട്ട് പിന്നീട് രംഗം ശാന്തമാക്കി, പൊലീസ് തോരണങ്ങൾ അഴിച്ചു മാറ്റി. എൽ ഡി എഫ്, ബി ജെ പി പ്രചരണങ്ങളിലും ഇതേ ആവേശം കാണിക്കണമെന്നും ഇല്ലെങ്കിൽ പ്രതിഷേധമുണ്ടാകുമെന്നും എം പിയുടെ മുന്നറിയിപ്പ്.
അതിനിടെ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഡി കെ ശിവ കുമാർ ആഞ്ഞടിച്ചു. പ്രതിപക്ഷ നേതാക്കളെ മോദിസർക്കാർ വേട്ടയാടുമ്പോഴും പിണറായിക്ക് പരുക്കേൽക്കാറില്ലെന്നും കുടുംബാംഗങ്ങൾക്കെതിരെ ഗുരുതര ആരോപണമുയരുമ്പോഴും ഇ ഡി പിണറായിയെ തൊടാത്തത് അഡ്ജസ്റ്റ്മെന്റ് കൊണ്ടെന്ന് ഡി കെ ശിവകുമാർ. തുറന്ന വാഹനത്തിൽ കെ. മുരളീധരനൊപ്പം പര്യടനം നടത്തിയാണ് ഡി കെ ശിവകുമാർ മടങ്ങിയത്.