jeep

കോഴിക്കോട് നാദാപുരം മുടവന്തേരിയില്‍ പടക്കം കൊണ്ടുവന്ന ജീപ്പ് സ്ഫോടനത്തില്‍ തകര്‍ന്നത് രാഷ്ട്രീയ ആയുധമാക്കാനുള്ള എല്‍ഡിഎഫ് ശ്രമത്തിന് തിരിച്ചടി. വാഹനത്തില്‍ പടക്കം കൊണ്ടുവന്ന് പൊതുസ്ഥലത്ത്  പൊട്ടിച്ചെന്നാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. സ്ഫോടക വസ്തുക്കളാണ് ജീപ്പില്‍ കൊണ്ടുവന്നതെന്നും ക്രമസമാധാനം തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നുമായിരുന്നു സി.പി.എമ്മിന്റ ആക്ഷേപം 

ഇന്നലെ പുലര്‍ച്ചെ  മുടവന്തേരിപാറയ്ക്കു സമീപത്തെ റോഡിലാണ് വന്‍ സ്ഫോടനത്തോടെ ജീപ്പ് കത്തിയത്. ജിപ്പില്‍ വന്ന നാലുപേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ കണ്ടാലറിയാവുന്ന പത്തുപേരുള്‍പ്പെടെ 16 പേര്‍ക്കെതിരെ  പൊലീസ് കേസെടുത്തു. പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ പ്രതിക്കൂട്ടിലായ സി.പി.എം വീണ് കിട്ടിയ വടിയായായണ്   ലീഗിന്റ ശക്തികേന്ദ്രത്തിലുണ്ടായ ഈ സ്ഫോടനത്തെ കണ്ടത്. ജീപ്പില്‍ കൊണ്ടുവന്നത് സ്ഫോടകവസ്തുക്കളാണന്നും സംഘത്തിന്റ ലക്ഷ്യം അന്വേഷിക്കണമെന്നും  സി.പി.എം ആവശ്യപ്പെട്ടു. 

എന്നാല്‍ എഫ്.െഎ.ആറിന്റ പകര്‍പ്പ് വന്നതോടെ ആരോപണങ്ങളുടെ മുനയൊടിഞ്ഞു.  ജീപ്പിനടുത്ത് വച്ച് പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി ജീപ്പിലേക്ക് തെറിച്ച് വീണ് അതിലുണ്ടായിരുന്ന ബാക്കി പടക്കങ്ങള്‍ക്ക് തീപിടിച്ചതാണെന്നാണ് പൊലീസിന്റ കണ്ടെത്തല്‍.  വ്യാജപ്രചാരണം നടത്തിയ എല്‍.ഡി.എഫിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.  ജീപ്പിലുണ്ടായിരുന്നവര്‍ക്ക്  ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ഇതുവരെ തെളിവില്ലെന്ന് പൊലീസും പറയുന്നു

Kozhikode jeep blast case