കടുത്ത ചൂടിൽ വെള്ളം കുറഞ്ഞ് അതിരപ്പിള്ളി വെള്ളച്ചാട്ടം ശുഷ്കിച്ച അവസ്ഥയിലാണ്. അവധി ആഘോഷിക്കാൻ വിദേശത്തു നിന്ന് വരെ എത്തുന്ന സഞ്ചാരികൾക്ക് മുന്നിൽ അത്ര നല്ല സൗന്ദര്യത്തിലല്ല അതിരപ്പിള്ളിയുള്ളത്.
കടുത്ത ചൂട് അതിരപ്പിള്ളിയെ നന്നായി ബാധിച്ചു. ചാലക്കുടി പുഴയിൽ വെള്ളം ഒഴിഞ്ഞതോടെ സഞ്ചാരികൾക്കെല്ലാം നിരാശയാണ്. അവധിക്കാലമായതിനാൽ നൂറുകണക്കിനു സഞ്ചാരികളാണ് അതിരപ്പിള്ളിയിലെത്തുന്നത്. വെള്ളം കുറഞ്ഞതോടെ വെള്ളച്ചാട്ടം കാണാൻ ഭംഗിയില്ലാതായെന്നാണ് പരാതി.
ചാലക്കുടി പുഴയിൽ സമീപകാലത്തെ ഏറ്റവും കുറഞ്ഞ അളവിലാണ് വെള്ളം ഒഴുകുന്നത്. ഷോളയാർ ഡാമിന്‍റെ ഷട്ടർ ദിവസത്തിൽ രണ്ടു തവണ തുറക്കുന്നതാണ് നേരിയ ആശ്വാസം. ഡാമിലെ വെള്ളം ഒഴിഞ്ഞാൽ നില കൂടുതൽ പരുങ്ങലിലാകും. വെള്ളം കുറഞ്ഞത് സഞ്ചാരികളെ മാത്രമല്ല, പുഴയെ ആശ്രയിച്ചു കഴിയുന്ന കർഷകരേയും ബാധിച്ചിട്ടുണ്ട്.