Spot-Booking

 

ശബരിമലയില്‍ ഇനി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രം ദര്‍ശനം. സ്പോട്ട് ബുക്കിങ് നിര്‍ത്താന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചു. വരുന്ന മണ്ഡല–മകരവിളക്ക് തീര്‍ഥാടന കാലം മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രമായിരിക്കും ദര്‍ശനം. ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിങ് 80,000 ആയി നിജപ്പെടുത്താനും തീരുമാനമായി. സീസണ്‍ ആരംഭിക്കുന്നതിന് മൂന്നുമാസം മുമ്പ് വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടത്താം.

 

കഴിഞ്ഞ തീര്‍ഥാടന കാലത്തുണ്ടായ നിയന്ത്രണാതീതമായ തിരക്ക് ഇത്തവണ ആവര്‍ത്തിക്കാതിരിക്കാനാണ് നിയന്ത്രണങ്ങള്‍. ഓണ്‍ലൈനായി ബുക്ക് ചെയ്യാതെ ദര്‍ശനത്തിനെത്തുന്നവര്‍ക്കാണ് സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍. നിലയ്ക്കലും പമ്പയും എരുമേലിയും ഉള്‍പ്പടെ ഒമ്പതിടങ്ങളിലുണ്ടായിരുന്ന എല്ലാ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളും പൂട്ടും. ഇനി മുതല്‍ ഓണ്‍ലൈന്‍വഴി മാത്രമാണ് ബുക്കിങ്. അതും പരമാവധി 80000 പേര്‍ക്ക് മാത്രം. പൊലീസിന്‍റെ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനം. സ്പോട്ട് ബുക്കിങ് അവസാനിപ്പിക്കണമെന്ന് ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ എ.ഡി.ജി.പി എം.ആര്‍.അജിത്ത്കുമാര്‍ നിര്‍ദേശിച്ചിരുന്നു.

ഓണ്‍ലൈന്‍ ബുക്കിങ് മാത്രമാക്കിയാല്‍ തീര്‍ഥാടകരുടെ എണ്ണം കൃത്യം അറിയാമെന്നതാണ് നേട്ടം. അതനുസരിച്ച് സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്താം.  നിലവില്‍ നാല്‍പ്പതിനായിരത്തോളം തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്നതിനുള്ള ശേഷിയേ ശബരിമലയിലുള്ളു എന്നാണ് ദേവസ്വംബോര്‍ഡ് പറയുന്നത്. കഴിഞ്ഞതവണ ഓണ്‍ലൈന്‍, സ്പോട്ട് ബുക്കിങ്ങുകള്‍ വഴി ഒരു ലക്ഷത്തിലേറെ തീര്‍ഥാടകര്‍ എത്തിയ ദിവസങ്ങള്‍ പലതുണ്ടായിരുന്നു. സ്പോട്ട് ബുക്കിങ് വഴി മാത്രം ഇരുപതിനായിരത്തിലേറെ പേര്‍ കയറിയ ദിവസങ്ങളുമുണ്ട്. സന്നിധാനത്തെ തിരക്ക് നിയന്ത്രണാതീതമായപ്പോള്‍ പലയിടത്തായി തീര്‍ഥാടകരെ തടഞ്ഞിടേണ്ടി വന്നിരുന്നു. 16 മണിക്കൂര്‍ വരെ തീര്‍ഥാടകര്‍ക്ക് ക്യൂ നില്‍ക്കേണ്ട സ്ഥിതി പോലുമുണ്ടായി.