കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിൽ, വൈദ്യപരിശോധന നടത്തിയ ഡോ. കെ വി പ്രീതിക്കെതിരെ പുനരന്വേഷണം. ഇക്കാര്യത്തില്‍ ഉത്തര മേഖല ഐ.ജി  ഉറപ്പു നൽകിയെന്നും എ.സി.പി. യുടെ നേതൃത്വത്തിൽ വനിത സി.ഐ ഉൾപ്പെട്ട സംഘമായിരിക്കും കേസ് അന്വേഷിക്കുകയെന്നും അതിജീവിത പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഐജിക്ക് നേരിട്ട് കത്ത് നല്‍കി. 

 

വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍ താന്‍ പറഞ്ഞകാര്യങ്ങള്‍ പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്നായിരുന്നു അതിജീവിതയുടെ പരാതി. ഇതിന്റ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് എ സി പി നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍ക്ക് വീഴ്ചയില്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ശരിയായ രീതിയലല്ല പൊലീസ് അന്വേഷിച്ചതെന്നും ചിലരെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും അതിജീവിത ആരോപിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല െഎ.ജിക്ക് നേരിട്ട് പരാതി നല്‍കിയത്. 

 

 

പൊലീസിന്റ അന്വേഷണറിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിച്ചശേഷമാണ്  അതിജീവിത പുനരന്വേഷണം ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയാല്‍ ഡോ പ്രീതിയുടെ അടക്കം പൊലീസ് വീണ്ടും മൊഴിയെടുക്കും. 12 ദിവസത്തോളം സമരമിരുന്നശേഷമാണ് പൊലീസിന്റ അന്വേഷണ റിപ്പോര്‍ട്ടിന്റ പകര്‍പ്പ് അതിജീവിതയ്ക്ക് കിട്ടിയത്.