TAGS

ആലപ്പുഴയുടെ തീരദേശത്ത് കളളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായ കടൽകയറ്റം തുടരുന്നു.അമ്പലപ്പുഴ വളഞ്ഞവഴി,ആറാട്ടുപുഴ തൃക്കുന്നപ്പുഴ തീരങ്ങളിലാണ് കടലാക്രമണം ശക്തമായി തുടരുന്നത്. വളഞ്ഞവഴിയിൽ തീരത്തു നിരത്തിയ ടെട്രാപോഡുകൾക്ക് മുകളിലൂടെ അടിച്ചു കയറിയ തിരമാലകൾ മൂലം വീടുകൾ ഏതുനിമിഷവും തകരുമെന്ന നിലയിലാണ്. കടലേറ്റം മൂലം ആറാട്ടുപുഴയിൽ തീരദേശ റോഡിൽ മണ്ണു നിറഞ്ഞത് യാത്ര തടസപ്പെടാൻ കാരണമാകുന്നു.  

ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും ഇന്നലെ രാവിലെയും വളഞ്ഞവഴിയിൽ ഉച്ചയ്ക്കുമാണ് കടൽ കരയിലേക്ക് കയറിയത്. ശനിയാഴ്ച രാത്രി കടൽ പ്രക്ഷുബ്ദമായെങ്കിലും വൈകാതെ ശാന്തമായി. തോട്ടപ്പള്ളി - വലിയഴിക്കൽ റോഡിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കടൽവെള്ളം ശക്തമായി അടിച്ചു കയറുന്നു .കടലും റോഡും തമ്മിൽ ഏതാനും മീറ്റർ അകലം മാത്രമാണുള്ളത്. റോഡിൽ മണ്ണ് മൂടിയതിനാൽ ഗതാഗത തടസം നേരിടുന്നു. മണ്ണ് നീക്കം ചെയ്യാനെത്തിയവരെ നാട്ടുകാർ തടഞ്ഞു. കടൽ ഭിത്തി താഴ്ന്ന തിനാൽ അതിന് മുകളിൽ കൂടിയാണ് തിരമാലകളും കരയിലേക്കെത്തുന്നത് 

തൃക്കുന്നപ്പുഴയിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. MES ജങ്ഷനിലെ ജുമാമസ്ജിദും കടലാക്രമണ ഭീഷണി നേരിടുന്നു .വളഞ്ഞ വഴിയിൽ കടലാക്രമണം തടയുന്നതിന് സ്ഥാപിച്ച ടെട്രാപോഡുകൾ കടലെടുത്തു. നിരവധി വീടുകൾ തകർച്ച ഭീഷണിയിലാണ് . കടലാക്രമണത്തിൽ വൃക്ഷങ്ങൾ കടപുഴകി  വളഞ്ഞ വഴിയിൽ അശാസ്ത്രീയമായി ടെട്രാപോഡുകൾ സ്ഥാപിച്ചതാണ് പ്രശ്നമായത്. ഒരു മാസം മുമ്പ് കടലാക്രമണം ഉണ്ടായപ്പോഴും വീടുകൾക്ക് ഭീഷണിയുണ്ടായിരുന്നു. പുലിമുട്ടോടുകൂടി കടൽ ഭിത്തി നിർമിക്കണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.

Swell waves in several coastal areas